
NEWSDESK
കോഴിക്കോട്: സംസ്ഥാനത്ത് ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് മുതല്‍. 52 ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ജൂലൈ 31ന് അര്‍ധരാത്രിയാണ് നിരോധനം അവസാനിക്കുക. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നാണ് ഇത് പ്രഖ്യാപിച്ചത്.
നിരോധന സമയത്ത് യന്ത്രവത്കൃത ബോട്ടുകള്‍ കടലില്‍ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ അനുവദിക്കുകയുള്ളൂ. എല്ലാ യന്ത്രവത്കൃത ബോട്ടുകളും ഹാര്‍ബറുകളില്‍ ജൂണ്‍ എട്ടിന് പ്രവേശിപ്പിക്കണം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാനായി അതത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കും.
എല്ലാ തീരദേശങ്ങളിലും 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും. നിരീക്ഷണത്തിന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയെ സജ്ജമാക്കും.