
മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ എംഎൽഎയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകനം നടത്തി. മണ്ഡലത്തിൽ ആകെ 27 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത് . ഇതിൽ 12 എണ്ണം നെഗറ്റീവായിട്ടുണ്ട്. 15 പേർ ചികിത്സയിലാണ്. മണ്ഡലത്തിൽ ആകെ 1,188 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തയാറായി. പുതുപ്പാടി പഞ്ചായത്തിൽ കൈതപ്പൊയിൽ ലിസാ കോളജ്, കോടഞ്ചേരി പഞ്ചായത്തിൽ വേളംകോട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, തിരുവമ്പാടി പഞ്ചായത്തിൽ സേക്രഡ് ഹാർട്ട് ഫെറോന ചർച്ച് പാരിഷ് ഹാൾ, കൂടരഞ്ഞി പഞ്ചായത്തിൽ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, മുക്കം നഗരസഭയിൽ മുക്കം മുസ്ലിം ഓർഫനേജ് ഗേൾസ് ഹോസ്റ്റൽ, കാരശ്ശേരി പഞ്ചായത്തിൽ മരഞ്ചാട്ടി മർകസ് ഗേൾസ് ഹോസ്റ്റൽ, കൊടിയത്തൂർ പഞ്ചായത്തിൽ പന്നിക്കോട് ലൗ ഷോർ സ്പെഷൽ സ്കൂൾ എന്നിവിടങ്ങളിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ക്രമീകരിച്ചിട്ടുള്ളത്.
സെന്ററുകളിലേക്കുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് പഞ്ചായത്ത് പ്രതിനിധികൾ ആവശ്യപ്പെട്ടു. വാർഡ് തല മോണിറ്ററിംഗ് കമ്മിറ്റികൾ അടിയന്തരമായി വിളിച്ചു ചേർക്കാൻ യോഗം തീരുമാനിച്ചു. അങ്ങാടികളിലും ഷോപ്പുകളിലും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തും.ഇതിനായി എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി വിജിലൻസ് സമിതി രൂപീകരിക്കും. കൂടിച്ചേരലുകൾ ഒഴിവാക്കുന്നതിന് പൊലിസ് ഫലപ്രദമായി ഇടപെടണം. വാർഡ് തല ആർആർടികൾ ഫലപ്രദമല്ലാത്ത ഇടങ്ങളിൽ കൂടുതൽ റിക്രൂട്ട്മെന്റ് നടത്തി സജീവമാക്കാനും യോഗത്തിൽ തീരുമാനമായി. മണ്ഡലത്തിലെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ചെയർമാൻ, പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.