
മുക്കം: മുക്കത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ മകനൊപ്പം ഫുട്ബോൾ കളിച്ച 30 കുട്ടികൾ ക്വാറന്റീനിൽ. നഗരസഭാ പരിധിയിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച അഞ്ചു പേരിൽ ഒരാളുടെ മകനോടൊപ്പം ഫുട്ബോൾ കളിച്ച കുട്ടികളോടാണ് നഗരസഭാ അധികൃതർ ക്വാറൻറീനിൽ പ്രവേശിക്കാൻ പറഞ്ഞത്.പതിനാല് ദിവസം ക്വാറൻറീനിൽ കഴിഞ്ഞയാളുടെ കോവിഡ് പരിശോധനഫലം രണ്ടുദിവസം കഴിഞ്ഞ് ലഭിച്ചപ്പോൾ പോസിറ്റീവാകുകയായിരുന്നു. ഇയാൾ പതിനാല് ദിവസത്തെ ക്വാറൻറീനിന് ശേഷം ലക്ഷണമൊന്നും പ്രകടമാകാത്തതിനാൽ വീട്ടുകാരുമായി ഇടപഴകിയിരുന്നു. കുട്ടികൾ പുറത്തുപോയി മറ്റു കുട്ടികളോടൊപ്പം കളിക്കുകയും ഇടപഴകുകയും ചെയ്തു. ഇതിനിടെയാണ് കോവിഡ് പരിശോധനഫലം പോസിറ്റീവായത്.
അതേസമയം, രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുക്കം പോലീസ് നടപടികൾ ശക്തമാക്കി. പൊതുജനങ്ങൾക്കായി സ്റ്റേഷൻ പരിധിയിലെ മുഴുവൻ അങ്ങാടികളിലും വാഹനത്തിൽ അനൗൺസ്‌മെൻറ് നടത്തി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങളാണ് അനൗൺസ് ചെയ്തത്. കഴിഞ്ഞദിവസം മുഴുവൻ വ്യാപാരികൾക്കും നിർദേശങ്ങൾ നൽകിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് വാഹന അനൗൺസ്‌മെൻറ് നടത്തിയത്.