കോളറ ബാധ; തിരുവനന്തപുരത്ത് ജാഗ്രതാ നിർദേശം, പത്തുപേർ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപെട്ടാൽ അടിയന്തരമായി പരിശോധന നടത്തണം. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ നന്നായി കഴുകിയതിനുശേഷം മാത്രം പാകം ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

നെയ്യാറ്റിൻകര തവരവിളയിലുള്ള കാരുണ്യ ഓ‌ർഫനേജിലെ ഒരു അന്തേവാസി കോളറ ലക്ഷണങ്ങളോടെ കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. 26കാരനായ അനുവാണ് മരിച്ചത്. മറ്റൊരു അന്തേവാസിയായ പത്തുവയസുകാരന് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു. ഓർഫനേജിലെ 10 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് ഒൻപത് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. 2017ലാണ് ഒടുവിലായി കോളറ മരണം റിപ്പോർട്ട് ചെയ്തത്.വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാദ്ധ്യതയുണ്ട്.രോഗപകര്‍ച്ചസാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്.
രോഗ ലക്ഷണങ്ങള്‍പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗ ലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും.രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറാ ചികിത്സയും. ആരംഭം മുതല്‍ ഒആര്‍എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.
കോളറ പ്രതിരോധം

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്
ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക
പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക
മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക
വയറിളക്കമോ ഛര്‍ദിലോ ഉണ്ടായാല്‍ ധാരാളം പാനീയം കുടിയ്ക്കുക
ഒആര്‍എസ് പാനീയം ഏറെ നല്ലത്
എത്രയും വേഗം ചികിത്സ തേടുക.

error: Content is protected !!