
newsdesk
താമരശ്ശേരി: അൻപതുവർഷത്തോളമായി നവീകരണം കാത്ത് കഴിയുന്ന ആര്യങ്കുളം–തെയ്യത്തുംപാറ – കരിഞ്ചോല റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം തേടി നാട്ടുകാർ ഇനി പ്രതിഷേധിക്കേണ്ടതില്ല. പ്രദേശവാസികളുടെ വോട്ട് ബഹിഷ്കരണo ഉൾപെടെയുള്ള സമരങ്ങൾക്ക് ഇതോടെ വിരാമമാവും. ജില്ലാ പഞ്ചായത്ത് അംഗം പി ജി മുഹമ്മദ് റോഡ് നവീകരണത്തിന് 18 ലക്ഷം രൂപ അനുവദിച്ചതോടെയാണ് റോഡിന് ശാപമോക്ഷമാവുന്നത്. തിരഞ്ഞുപ്പ് സമയത്ത് നൽകിയ വാഗ്ദാനമാണ് ഇതോടെ നിറവേറ്റപ്പെടുന്നത്.
കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിയൊഴിഞ്ഞതോട്ടം, കന്നൂട്ടിപ്പാറ വാർഡുകളുടെ പരിധിയിൽ ഉൾപ്പെട്ട ദ്വീപ്, തെയ്യത്തുംപാറ, കക്കുഴിയിൽ എന്നീ പ്രദേശങ്ങളിൽ റോഡരികിലും തോടിന് അക്കരെയുമായി താമസിക്കുന്ന അമ്പതോളം കുടുംബങ്ങളാണ് ഗതാഗതയോഗ്യമായ ഒരു വഴിയെന്ന അടിസ്ഥാന ആവശ്യം നിറവേറപ്പെടാതെ ദുരിതം പേറിയിരുന്നത്. പ്രദേശവാസികളുടെ റോഡ് നവീകരണ ആവശ്യത്തിനും അവർ നേരിടുന്ന അവഗണനയ്ക്കും അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്.
കരിഞ്ചോല, പൂവൻമല ഭാഗങ്ങളിൽനിന്ന് പൂനൂർ ഭാഗത്തേക്ക് ബൈപ്പാസായി ഉപയോഗിക്കാവുന്ന റോഡുകൂടിയാണിത്. ഓരോ അഞ്ചുവർഷവും ജനപ്രതിനിധികൾ വാഗ്ദാനങ്ങൾ നൽകി തങ്ങളെ കബളിപ്പിക്കുകയാണെന്നും ഇത്തവണ വോട്ട് ബഹിഷ്കരിക്കുകയാണെന്നും ആര്യങ്കുളം, കരിഞ്ചോല–പൂവൻമല മേഖലകളിലെ പ്രദേശവാസികൾ പ്രഖാപിച്ചിരുന്നു.
കക്കുഴിയിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ബ്രീസ് ലാൻഡ് അഗ്രോ ഫാം വരെയുള്ള ഭാഗത്തും തെയ്യത്തുംപാറ ഭാഗത്ത് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നൂറുമീറ്ററോളവും മാത്രമാണ് ടാർചെയ്തിട്ടുള്ളത്. ബാക്കിയുള്ള ഒരു കിലോമീറ്ററിനടുത്തുള്ള ഭാഗം കല്ലും മണ്ണും നിറഞ്ഞ് കാൽനടയാത്രപോലും ദുഷ്കരമായ അവസ്ഥയിലാണ്.
റോഡിന്റെ പ്രതലം നിരപ്പല്ലാത്തതും പലസ്ഥലത്തും വലുതും ചെറുതുമായ കല്ലുകൾ ഇളകിക്കിടക്കുന്നതും കാരണം ഇതിലൂടെ കടന്നുപോകുന്ന ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നതും പതിവാണ്.റോഡ് നവീകരണം പൂർത്തീകരിക്കണമെങ്കിൽ രണ്ട് കലുങ്ക്, പാർശ്വഭിത്തി, ടാറിങ് എന്നിവ ഉൾപ്പെടെ നാൽപ്പതുലക്ഷത്തിലധികം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വോട്ട് ബഹിഷ്കരിക്കാനുള്ള തീരുമാനം അറിഞ്ഞ് കുടുംബങ്ങളെ സന്ദർശിച്ച് നൽകിയ ഉറപ്പാണ് ജില്ലാ പഞ്ചായത്ത് അംഗം പൂർത്തീകരിക്കുന്നത്.
റോഡിൻ്റെ ആദ്യ റീച്ചിനുള്ള ഫണ്ടാണ് ഇപ്പോൾ അനുവദിച്ചതെന്നും അടുത്ത വർഷം ബാക്കി പൂർത്തീകരിക്കാനുളള ഫണ്ട് നൽകുമെന്നും പി ജി മുഹമ്മദ് അറിയിച്ചു.