ഫര്‍ദീന്‍റെ മോഹം സഫലമായി ; ഇനിമുതല്‍ മുച്ചക്ര വാഹനവുമായി പുറത്തിറങ്ങാം

മാവൂർ : പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ വെള്ളിപറമ്പ ,പാലാട്ടുപറമ്പ് ഫര്‍ദീന് ജൻമസാഫല്യം. ഭിന്നശേഷിക്കാരനായ ഈ കുട്ടിയുടെ വീട്ടിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്ത് പരിഷ്ക്കരിച്ചു. 16 വയസ്സുകാരനായ ഫര്‍ദീന്‍ വീട്ടുകാരുടെ സഹായത്തോടെ മുച്ചക്ര വണ്ടിയിലാണ് പുറത്തേക്കിറങ്ങുന്നത്.

നിത്യേന ആശാകിരണില്‍ പഠിക്കാന്‍ പോവുന്ന ഫര്‍ദീന്‍റെ വീട്ടിലേക്ക് വണ്ടിയെത്തുന്നതിന് പ്രയാസകരമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ജനങ്ങള്‍ പൊതുവില്‍ ഉപയോഗിച്ചുവന്ന ദുര്‍ഘട വഴി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിക്കണമെന്നും ഭിന്നശേഷിക്കാരനായ ഫര്‍ദീന് അതേറെ സഹായകമാവുമെന്നും ഉള്ള പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച 3 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലാട്ടുപറമ്പ് പൊക്കിണംപറമ്പ് റോഡിന്‍റെ പ്രവൃത്തി നടത്തിയത്. ഫര്‍ദീന്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ പി.ടി.എ റഹീം എം.എല്‍.എ റോഡിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍.വി ജാഫര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.ടി മിനി, എം.ടി മാമുക്കോയ, എം. മോഹനന്‍, പ്രവീണ്‍ കുമാര്‍, എ.പി ലക്ഷ്മി, പി.പി സലീം എന്നിവര്‍ സംസാരിച്ചു.

error: Content is protected !!