കോഴിക്കോട്ടെ ഗോകുലം ഗോപാലൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്‌ഡ്; പരിശോധന എമ്പുരാന്‍ സിനിമാ വിവാദത്തിന് പിന്നാലെ

കോഴിക്കോട്: ഗോകുലം ഗോപാലൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്‌ഡ്. ചെന്നൈയിലെ വീട്, ചിട്ടിക്കമ്പനി, കോഴിക്കോട്ടെ ഹോട്ടൽ, ഷോപ്പിങ് മാൾ എന്നിവിടങ്ങളിലാണ് പരിശോധന. ഇഡി കൊച്ചി യൂണിറ്റിലെ സംഘമാണ് പരിശോധന നടത്തുന്നത്. എമ്പുരാൻ സിനിമയുടെ വിവാദത്തിന് പിന്നാലെയാണ് റെയ്‌ഡ്. സിനിമയിൽ ഗോകുലം മൂവീസും പങ്കാളി ആയിരുന്നു.

അതേസമയം ഗോകുലം ഗ്രൂപ്പ് റെയ്‌ഡിനെ കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഗോകുലം ഗോപാലൻ കോഴിക്കോട് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഗോകുലത്തിൻ്റെ ഇടപാടുകളിൽ സുതാര്യത കുറവ് കണ്ടതിനെ തുടർന്നാണ് റെയ്‌ഡ് എന്നാണ് ഇഡി വൃത്തങ്ങളുടെ പ്രതികരണം.

ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസ് പങ്കാളിയായ എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘ്പരിവാര്‍ ശക്തമായി നിലപാടെടുത്തിരുന്നു. അതിനു പിന്നാലെയാണ് റെയ്ഡെന്നത് ശ്രദ്ധേയമാണ്. കുറച്ച് ദിവസം മുന്‍പ് ഗോകുലം കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപം വന്നിരുന്നു. ഇതിൻ്റെ വിശദാംശങ്ങള്‍ തേടിയാണ് റെയ്ഡെന്നാണ് സൂചന.

error: Content is protected !!