ടാർ മിക്സിംഗ് യൂണിറ്റിന്റെ പ്രവർത്തി നിർത്തി വെക്കാൻ ഉത്തരവ്

Report: Rafeeq Thottumukkam

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചുണ്ടത്തും പൊയിലിൽ നാഥ് കൺസ്ട്രക്ഷൻ കമ്പനി ആരംഭിച്ച ടാർ മിക്സിംഗ് യൂണിറ്റിന്റെ പ്രവർത്തി നിർത്തി വെക്കാൻ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഉത്തരവ് .

ചുണ്ടത്തും പൊയിലിലെ തോട്ട ഭൂമിയിൽ യൂനിറ്റ് ആരംഭിക്കുന്നതിനെ തുടക്കം മുതൽ തന്നെ നാട്ടുകാർ എതിർത്തിരുന്നു. നാട്ടുകാർ പ്രതിഷേധവുമായി പ്രദേശത്തേക്ക് എത്തുന്നതിനെതിരെ കോടതിയിൽ നിന്ന് ഇഞ്ചക്ഷൻ ഓർഡർ സമ്പാദിച്ചാണ് ഇപ്പോൾ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ടാർ മിക്സിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. പ്രദേശത്തെ ജലസ്രോതസ്സിനു തടസ്സമുണ്ടാകും വിധത്തിൽ തോറ്റ ഭൂമി നികത്തി നടത്തുന്ന ടാർ മിക്സിംഗ് യൂണിറ്റിന്റെ പ്രവർത്തി തടഞ്ഞു കൊണ്ട് 2019 ൽ കോഴിക്കോട് ആർ.ഡി.ഒ. സ്റ്റോപ്പ് മെമ്മോ നൽകിയതാണ്. ഈ സ്റ്റോപ്പ് മെമ്മോ നിലനിൽക്കുമ്പോഴാണ് ആരോഗ്യ വകുപ്പിന്റെയോ, ഫയർ ഫോഴ്സിന്റെയോ, പൊലൂഷൻ കണ്ട്രോൾ ബോർഡിന്റെയോ ,പഞ്ചായത്തിന്റെ ലൈസൻസോ ഇല്ലാതെ ടാർ മിക്സിങ് യൂണിറ്റ് പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

നാട്ടുകാരുടെ പരാതിയെ തുടർന്ന് കാരശ്ശേരി പഞ്ചായത്തു പ്രസിഡന്റ് സ്മിത ടീച്ചർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, പഞ്ചായത്തു സെക്രട്ടറി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ കഴിഞ്ഞ ദിവസം രാത്രി യൂണിറ്റ് പ്രവർത്തിച്ചതായി ഇവരോട് സമ്മതിക്കുകയും ചെയ്തു. ഉടമസ്ഥരാരും സ്ഥലത്തില്ലാത്തതിനാൽ അവരുമായി ഫോണിൽ ബന്ധപ്പെട്ടാണ് യൂണിറ്റ് ഇനി പ്രവർത്തിക്കരുതെന്നു നിർദേശിച്ചതെന്നും,തുടർന്ന് പ്രവർത്തിക്കുകയാണെങ്കിൽ മേൽനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്തു പ്രസിഡന്റ് സ്മിത ടീച്ചർ പറഞ്ഞു

നാട്ടുകാരുടെ പരാതി നില നിൽക്കുന്നതിനാൽ ഈ ഭരണസമിതിയുടെ കാലയളവിൽ ടാർ മിക്സിംഗ് യൂണിറ്റിനു ലൈസൻസ് നൽകില്ലെന്നും പഞ്ചായത്തു പ്രസിഡന്റ് പറഞ്ഞു

error: Content is protected !!