താമരശ്ശേരി ചുരത്തിൽ വീണ്ടും റോഡ് ഇടിഞ്ഞു; മിനി ബസ് സർവീസും നിർത്തിവെച്ചു

Report: News Desk

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഇന്നലെയും റോഡ് ഇടിഞ്ഞതോടെ ചുരത്തിലൂടെയുള്ള കെഎസ്ആർടിസി മിനി സർവീസും നിർത്തിവച്ചു. ഇന്നലെ രാവിലെയാണു ചുരത്തിൽ തകരപ്പാടിക്കു മേലെയുള്ള നിർമാണ സ്ഥലത്തു വീണ്ടും റോഡ് ഇടിഞ്ഞത്.

റോഡ് തകർന്ന ഭാഗത്തിന്റെ ഇരുവശത്തും നിർത്തി കെഎസ്ആർടിസി ബസുകൾ യാത്രക്കാരെ കയറ്റിയിറക്കിത്തുടങ്ങിയെങ്കിലും പിന്നീടു സർവീസ് നിർത്തി വയ്ക്കുകയായിരുന്നു. ഇതോടെ അധിക ചാർജ് നൽകി ലക്കിടി മുതൽ അടിവാരം വരെ ടാക്സിയിലോ ഓട്ടോയിലോ യാത്ര ചെയ്യേണ്ട അവസ്ഥയിലാണു യാത്രക്കാർ.

കാറിനും ജീപ്പിനും ഇതുവഴി കഷ്ടിച്ചു കടന്നുപോകാൻ മാത്രമേ കഴിയുകയുള്ളൂ. മലയുടെ ഭാഗം അപകടാവസ്ഥയിലായതിനാൽ ആ ഭാഗത്ത് താൽക്കാലികമായി വീതി കൂട്ടി വാഹനങ്ങൾ കടത്തി വിടാനും കഴിയാത്ത സ്ഥിതിയാണ്. മണ്ണിടിഞ്ഞ സ്ഥലം രാത്രി പത്തരയോടെ കലക്ടർ സാംബശിവ റാവു സന്ദർശിച്ചു. പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശം നൽകി

നിലവിലെ ഗതാഗത പ്രതിസന്ധി മറികടക്കാൻ ചുരത്തിൽ സംരക്ഷണഭിത്തി നിർമാണം രാവും പകലും ഒരു പോലെ ദ്രുതഗതിയിൽ നടത്തി വരികയാണെന്നും സംരക്ഷണഭിത്തി പൂർത്തിയാക്കി മണ്ണിട്ടുയർത്താതെ റോഡ് ഇടിച്ചിൽ പൂർണമായും തടയാൻ കഴിയില്ലെന്നും അടുത്ത ദിവസം തന്നെ കെഎസ്ആർടിസി മിനി ബസുകൾ ഉൾപ്പെടെ കടന്നു പോകുന്ന വിധത്തിൽ റോഡ് സൗകര്യമൊരുക്കാനാണു ശ്രമമെന്നും ദേശീയ പാത എക്സിക്യൂട്ടീവ് എൻജിനീയർ ആർ. സിന്ധു പറഞ്ഞു.

error: Content is protected !!