
Web Desk
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരം നടത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ഡോ. ഷിംന അസീസ്. സംസ്ഥാനത്തെ കൊവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി ഗുരുതരമാണെന്നും രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ വരെ ആശങ്കപ്പെട്ട് തുടങ്ങുന്ന സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും ഷിംന പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷിംനയുടെ വിമര്‍ശനം.
‘ഇലക്ഷന്റെ പേരില്‍ ഇവിടെ നടന്ന പൂരക്കളിയും, സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഫാമിലി മൊത്തം പര്‍ച്ചേസിന് പോയതും, ബീച്ചാഘോഷവും മൂക്കിന് താഴെയും ചിലപ്പോള്‍ ബാഗിലും പോക്കറ്റിലുമുറങ്ങുന്ന മാസ്‌കും ചരിത്രമായ സാനിറ്റൈസറും നമ്മളോരോരുത്തരുടേയും അശ്രദ്ധയും ഇന്നത്തെ അവസ്ഥക്ക് പിന്നിലുണ്ട്. ഇല്ലാന്ന് ആര്‍ക്കെങ്കിലും നെഞ്ചത്ത് കൈ വെച്ച് പറയാന്‍ പറ്റ്വോ? അതില്ല. ഇന്നലെ വരെ കഴിഞ്ഞത് ഇനി undo ചെയ്ത് കളയാനൊന്നും പറ്റില്ല. ‘മുന്നോട്ടെന്ത്’ എന്നതാണ് ചോദ്യം,’ഷിംന അസീസ് ഫേസ്ബുക്കിലെഴുതി.
കുംഭമേള കൊണ്ട് വന്ന ദുരിതം നമുക്കൊരു നേര്‍ക്കാഴ്ചയായി മുന്നിലുണ്ട്. എത്ര പേര്‍ രോഗികളായി, എത്രയെത്ര പേര്‍ മരിച്ചു. റായ്പൂരിലും ഗുജറാത്തിലുമൊക്കെ ആംബുലന്‍സുകള്‍ ‘ശവ് വാഹന്‍’ എന്നെഴുതിയ ട്രക്കുകള്‍ക്ക് വഴി മാറിയിരിക്കുന്നുവെന്നും ഷിംന പറഞ്ഞു.
‘മൃതശരീരങ്ങള്‍ ഒന്നിച്ച് കൊണ്ട് പോയി ഗ്രൗണ്ടുകളില്‍ ഡമ്പ് ചെയ്യുകയാണ്. ഒറ്റ ഓക്സിജന്‍ ഔട്ട്ലെറ്റില്‍ നിന്ന് ഒട്ടേറെ പേര്‍ക്ക് ഓക്സിജന്‍ ലഭിക്കാന്‍ വാല്‍വിട്ട് പല വഴിക്ക് തിരിക്കുന്ന ശ്വസനവള്ളികള്‍ അവിടെ നിന്നുമുള്ള ചിത്രങ്ങളില്‍ കണ്ടു, ഒരു ബെഡില്‍ ഒന്നിലേറെ പേര്‍ കിടക്കുന്നത് കണ്ടു. ഈ സ്ഥിതി നമ്മുടെ കേരളത്തില്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറമാവും. അതിന് കാരണം പൂരമായാലും പെരുന്നാളായാലും ഇനി വേറെന്ത് പേരിട്ട് വിളിക്കുന്ന ആള്‍ക്കൂട്ടമായാലുമതേ,’ ഷിംന ഫേസ്ബുക്കിലെഴുതി.