കോവിഡ് വ്യാപനം : മുക്കം നഗരസഭയിൽ മെഗാവാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചു

Web Desk

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രണ്ട് ദിവസങ്ങളിലായാണ് നഗരസഭയിൽ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. നഗരസഭയിലെ കുറ്റിപ്പാല, കച്ചേരി ,അഗസ്ത്യമുഴി, ചേന്നമംഗല്ലൂർ, മണാശ്ശേരി, എന്നിവിടങ്ങളിലാണ് ഇന്ന് ക്യാമ്പ് നടക്കുന്നത്. ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും ഇതിനായി വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയത്.

45 വയസ്സുകഴിഞ്ഞ മുഴുവനാളുകൾക്കും വാക്സിൻ നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായി വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ മുൻകൂട്ടി തന്നെ രജിസ്ട്രേഷൻ നടപടികൾ നടത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഓരോ വാക്സിനേഷൻ കേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകർ രാവിലെ മുതൽ തന്നെ എത്തി വാക്സിനേഷൻ ആരംഭിച്ചു.

വാക്സിനേഷനു ശേഷം അര മണിക്കൂർ നിരീക്ഷണത്തിൽ ഇരുന്നതിന് ശേഷം മാത്രമേ ആളുകൾക്ക് വീടുകളിലേക്ക് പോകാൻ കഴിയൂ .ഇതിനായി പ്രത്യേക സൗകര്യങ്ങളും ഓരോ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട് .മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും ക്യാമ്പുകളിൽ എത്തി രജിസ്റ്റർ ചെയ്ത വാക്സിൻ എടുക്കാൻ സൗകര്യം ഉണ്ട് രാവിലെ മുതൽ തന്നെ എല്ലാ കേന്ദ്രങ്ങളിലും വലിയ ജന തിരക്ക് അനുഭവപ്പെടുന്നുണ്ട്. സാമൂഹ്യ അകലം പാലിച്ച് ആളുകളെ പരമാവധി വേഗത്തിൽ വാക്സിൻ എടുപ്പിച്ച് തിരിച്ചയക്കാൻ വാർഡ് കൗൺസിലർമാരും സാമൂഹ്യപ്രവർത്തകരും എല്ലാം രംഗത്തുണ്ട്.

നാളെ ചൊവ്വാഴ്ച നഗരസഭയിലെ നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ, കല്ലുരുട്ടി എൽപി സ്കൂൾ, മുത്തേരി ജി യു പി സ്കൂൾ, തെച്ചാട് മദ്രസ ,മുണ്ടുപാറ മദ്രസ എന്നിവിടങ്ങളിലും ക്യാമ്പുകൾ നടക്കും. ഒപ്പംതന്നെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മുക്കം സി എച്ച് സി യിൽ കോവിഡ് ടെസ്റ്റും നടത്തുന്നുണ്ട്. കോവിഡ് രൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രതിരോധ പ്രവർത്തനങ്ങളോട് പരമാവധി സഹകരിക്കാൻ ആരോഗ്യ വകുപ്പധികൃതരും നഗരസഭയും ജനങ്ങളോട് അഭ്യർത്ഥിച്ചു.

error: Content is protected !!