
Web Desk
തൃശ്ശൂര്‍ പൂരം നടത്തുന്നതുമായി സംബന്ധിച്ച ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍. പൂരം സംസ്‌കാരത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ കൊവിഡിന്റെ രണ്ടാംവരവ് അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് പൂരം നടത്തുന്നത് അപകടം വിളിച്ചുവരുത്തുമെന്നാണ് മറുഭാഗത്തിന്റെ വാദം. എന്നാല്‍, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നിട്ടും സര്‍ക്കാരും പ്രതിപക്ഷവും എന്താണ് നിലപാട് എടുക്കാത്തതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്ന മറ്റൊരു ചോദ്യം. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത നിലപാട് പോലെ എന്താണ് തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തങ്ങളുടെ സ്റ്റാന്‍ഡ് വ്യക്തമാക്കാത്തതെന്നതാണ് ഒരു വിഭാഗം ചോദിക്കുന്നത്.അതേസമയം, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് നിലപാടില്ലേ, അതോ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ട് മറിച്ച് അഭിപ്രായം പറയാന്‍ ഒരുങ്ങുകയാണോ എന്ന ചോദ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ ഉയരുന്നുണ്ട്.
സര്‍ക്കാര്‍ പൂരം നടത്താന്‍ പാടില്ലായെന്നു തീരുമാനിച്ചാല്‍ ആചാര സംരക്ഷര്‍ റോഡില്‍ ഇറങ്ങുമെന്നും നടത്താനാണ് തീരുമാനമെങ്കില്‍ പൂരം നടത്തി സര്‍ക്കാര്‍ കൊവിഡ് പരത്തിയെന്ന് പറയുമെന്നുമൊക്കെയാണ് പ്രതിപക്ഷത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍. സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍, സംവിധായകന്‍ ഡോ. ബിജു, എഴുത്തുകാരി ശാരദക്കുട്ടി തുടങ്ങി നിരവധി പേര്‍ പൂരം നടത്താനുള്ള നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അവിടെ കുംഭമേള, ഇവിടെ തൃശൂര്‍ പൂരം ഇതൊക്കെ നടത്താന്‍ നില്‍ക്കുന്ന വൈറസുകള്‍ക്ക് മുന്നില്‍ കൊറോണ തല കുനിക്കും എന്നായിരുന്നു
ഡോ.ബിജുവിന്റെ വിമര്‍ശനം. രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയും തൃശൂര്‍ പൂരം നടത്തരുതെന്നായിരുന്നു ശാരദക്കുട്ടി ആവശ്യപ്പെട്ടിരുന്നത്.