
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ നിന്നും വിട്ടുപോയ അര്‍ഹരായ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിശദമായ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചു. ആഗസ്റ്റ് ഒന്നു മുതല്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാം. www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പൂര്‍ണ്ണമായും സോഫ്റ്റ് വെയര്‍ അധിഷ്ഠിതമായ സംവിധാനത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്. പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, മറ്റ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ എന്നിവരിലുടെയോ, ഇന്റര്‍നെറ്റ് ഉപയോഗിച്ച് സ്വന്തമായോ ആഗസ്റ്റ് ഒന്നു മുതല്‍ ലഭ്യമാക്കുന്ന വെബ്‌സൈറ്റ് വഴി ഗുണഭോക്താക്കള്‍ക്ക് അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് അപേക്ഷിക്കുന്നതെങ്കില്‍ അപേക്ഷാ ഫീസ് ആയി 40 രൂപ ഈടാക്കും. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലേക്കാണ് ഈ അപേക്ഷകള്‍ ഓണ്‍ലൈനായി എത്തുന്നത്.
നിലവില്‍ വീട് ഇല്ലാത്തവരും സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ ശേഷിയില്ലാത്തവരുമായ കുടുംബങ്ങളെ മാത്രമാണ് ലൈഫ് മിഷനിലൂടെ പരിഗണിക്കുന്നത്. മാര്‍ഗ്ഗരേഖയില്‍ പരാമര്‍ശിക്കുന്ന ഏഴ് അര്‍ഹതാ മാനദണ്ഡങ്ങള്‍ പരിശോധിച്ച് നിങ്ങളുടെ കുടുംബത്തിന് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കിയിട്ടേ അപേക്ഷ സമര്‍പ്പിക്കാവൂ. ഒരു റേഷന്‍ കാര്‍ഡിലെങ്കിലും പ്രത്യേകം കുടുംബമായി കഴിയുന്ന പട്ടികജാതി / പട്ടികവര്‍ഗ്ഗ / ഫിഷറീസ് കുടുംബങ്ങള്‍ക്കും ഈ വിഭാഗങ്ങളില്‍ 25 സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്കും മറ്റ് അര്‍ഹതകള്‍ ഉണ്ടെങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം. അതുപോലെതന്നെ ജീര്‍ണ്ണിച്ച വീടുകള്‍ ഒരു കാരണവശാലും വാസയോഗ്യമല്ലങ്കില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ.അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വില്ലേജ് ഓഫീസറില്‍ നിന്നുമുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂരഹിത കുടുംബങ്ങള്‍ ഭൂമിയില്ല എന്ന് കാണിക്കുന്ന വില്ലേജ് ഓഫീസറില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റ്, മുന്‍ഗണന തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നീ രേഖകള്‍ സമര്‍പ്പിക്കണം.ഇതിന് പുറമേ നിലവില്‍ 2017ലെ ലിസ്റ്റില്‍ ഉണ്ടായിരിക്കുകയും റേഷന്‍ കാര്‍ഡ് തുടങ്ങിയ മാനദണ്ഡങ്ങളുടെ ഭാഗമായി വീട് ലഭിക്കാതിരിക്കുകയും ചെയ്തവര്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുണ്ടെങ്കില്‍ വീണ്ടും അപേക്ഷിക്കണം. പി.എം.എ.വൈ / ആശ്രയ / ലൈഫ് സപ്ലിമെന്റെറി ലിസ്റ്റ് എന്നിവയില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെ വീടുകള്‍ ലഭിക്കാത്തവരും ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കണം. എന്നാല്‍ ലൈഫ് മിഷന്‍ നിലവില്‍ തയ്യാറാക്കി വച്ചിരിക്കുന്ന എസ്.സി/എസ്.ടി/ഫിഷറീസ് ലിസ്റ്റില്‍ അര്‍ഹതയുള്ളതായി കണ്ടെത്തിയിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ലൈഫ് മിഷന്റെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ അര്‍ഹരായിട്ടും ഇതുവരെ സഹായം ലഭിക്കാത്തവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവര്‍ക്ക് നിലവിലുള്ള ലിസ്റ്റിന്റെ ഭാഗമായി തന്നെ സഹായം ലഭ്യമാക്കുന്നതാണ്. കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ സാമൂഹിക അകലം പാലിച്ച് തിരക്ക് പരമാവധി ഒഴിവാക്കി മാത്രമേ പൊതു സ്ഥലങ്ങളില്‍ അപേക്ഷിക്കാന്‍ എത്താവു.രേഖകള്‍ എല്ലാം മുന്‍കൂട്ടി സംഘടിപ്പിച്ചിട്ടുവേണം ഗുണഭോക്താക്കള്‍ അപേക്ഷിക്കാന്‍ ശ്രമിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് – 19 ന്റെ പശ്ചാതലത്തില്‍ പഞ്ചായത്ത്തലത്തിലും എല്ലാ വര്‍ഡ് തലങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കണം. കമ്പ്യൂട്ടറും സ്‌കാനറുമുള്ള വ്യക്തികളുടെ സഹായവും ഇതിന് വിനിയോഗിക്കാം.
ഗുണഭോക്താക്കളുടെ എല്ലാ അര്‍ഹതാ മാനദണ്ഡങ്ങളും പരിശോധിച്ച് ഉറപ്പാക്കിയിട്ടേ അപേക്ഷകള്‍ സ്വീകരിക്കാവു. തിരക്ക് കുറയ്ക്കന്നതിന്റെ ഭാഗമായി അക്ഷയ / ഇന്റെര്‍നെറ്റ് സൗകര്യങ്ങള്‍ കുറവുള്ള ഇടങ്ങളില്‍ ഓരോ വാര്‍ഡിനും വ്യത്യസ്ത ദിനങ്ങള്‍ നല്‍കാം.മുന്‍പ് സര്‍ക്കാരിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലഭിച്ചിട്ടുള്ള അപേക്ഷകള്‍ വാര്‍ഡ് തലത്തില്‍ തരംതിരിച്ച് അര്‍ഹര്‍ അല്ലെങ്കില്‍ ഹെല്‍പ്‌ഡെസ്‌ക്/ ജനപ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെ അപേക്ഷകരെക്കൊണ്ട് ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാന്‍ ശ്രദ്ധിക്കണം. മുന്‍പ് റേഷന്‍ കാര്‍ഡ് ഇല്ല എന്ന കാരണം അല്ലെങ്കില്‍ ജീര്‍ണ്ണിച്ച വീട് ഉണ്ടായിരുന്നതു മൂലം 2017ലെ ലിസ്റ്റല്‍ ഉള്‍പ്പെടാതെപോയവര്‍ പുതുക്കിയ മാനദണ്ഡ പ്രകാരം അര്‍ഹരാണെങ്കില്‍ പുതുതായി അപേക്ഷ നല്‍കേണ്ടതാണെന്ന് അറിയിപ്പ് നല്‍കണം.ആഗസ്റ്റ് 14 കഴിഞ്ഞാല്‍ ഒരു കാരണവശാലും അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ അതിന് മുന്‍പായി എല്ലാ അര്‍ഹരായ ഗുണഭോക്താക്കളും അപേക്ഷകള്‍ സമര്‍പ്പിച്ചു എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ഒണ്‍ലൈന്‍ വഴിയല്ലാതെ അപേക്ഷകള്‍ സ്വീകരിക്കരുത്. അവസാന തീയതി കഴിഞ്ഞാല്‍ അപേക്ഷകരുടെ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിക്കണം.