
newsdesk
താമരശേരി: താമരശ്ശേരിയിൽ സഹപാഠികൾക്ക് വാറ്റ് ചാരായം എത്തിച്ചു നൽകി വിദ്യാർത്ഥി. സംഭവത്തിൽ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥികളുടെ ബാഗ് പരിശോധിക്കുന്നതിനിടെ ഒരു വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വെള്ളത്തിന് പകരം വാറ്റ് ചാരായം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ മദ്യം ഉപയോഗിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്. തുടർന്ന് വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോൾ സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിയാണ് ഇത് എത്തിച്ചു നൽകിയതെന്ന് പറഞ്ഞു. മറ്റ് ചില വിദ്യാർത്ഥികൾക്കും സമാന രീതിയിൽ ചാരായം എത്തിച്ചു നൽകിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു.
സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതർ താമരശ്ശേരി പോലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ, ചാരായം എത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വിദ്യാർത്ഥിയുടെ രണ്ടാനച്ഛൻ അനധികൃതമായി വാറ്റ് ചാരായം നിർമിക്കുന്നതായി വിവരം ലഭിച്ചു.
തുടർന്ന് കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ പൂവൻമല പ്രദേശത്ത് നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ വീടിന് സമീപമുള്ള തോട്ടത്തിൽ നിന്ന് 56 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 28 ലിറ്റർ വാറ്റ് ചാരായം പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.
അതേസമയം, പ്രധാന പ്രതിയെന്ന് കരുതുന്ന വിദ്യാർത്ഥിയുടെ രണ്ടാനച്ഛൻ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.