കനത്ത മഴ ; മഴക്കെടുതിയിൽ 3 മരണം, കോഴിക്കോട് യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പുകൾ പുതുക്കി. രണ്ട് ജില്ലകളിൽ റെഡ് അലർട്ടാണ്. കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വയനാടും കാസർകോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണം. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് ആലപ്പുഴയിൽ യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.

കോഴിക്കോട് ജില്ലയിലും ഇന്ന് രാവിലെ മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മലയോര മേഖലകളിലും മഴ തിമർത്ത് പെയ്യുകയാണ്. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകൾ പലതും വെള്ളത്തിലായ സ്ഥിതിയാണ്.

error: Content is protected !!