
newsdesk
കോഴിക്കോട്: കോഴിക്കോട് നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഹരിയാനയിലെ ചങ്കിദുര്‍ഗ്ഗ് സ്വദേശി സുശീല്‍ കുമാറി(34)നെയാണ് നല്ലണം പോലീസ് പിടികൂടിയത്. ഹരിയാനയിലേക്കാണ് വിവാഹവാഗ്ദാനം നല്‍കി യുവാവ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഒടുവിൽ വഴിയില്‍ ഉപേക്ഷിക്കുകയും കടന്നുകളയുകയുമായിരുന്നു.
ഇന്‍സ്‌പെക്ടര്‍ എം. അനിലിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. അതിക്രമത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി കോഴിക്കോട് താമസിച്ച് വരികയായിരുന്നു. 2023-ലാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. ഹരിയാന സ്വദേശിയായ യുവാവ് പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട പീഡനത്തിനൊടുവില്‍ ഇയാൾ പെണ്‍കുട്ടിയെ ഹരിയാനയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇവിടെ വെച്ചാണ് സുശീല്‍ കുമാര്‍ കുട്ടിയെ കാണുന്നത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒടുവിൽ ഹരിയാനയില്‍ നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. മൊഴിയെടുത്തതിന് ശേഷം പെൺകുട്ടിയെ കുടുംബത്തിന് കൈമാറി. കേസില്‍ അസം, ഹരിയാന സ്വദേശികളായ രണ്ട് പേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.