ഗിന്നസ്‌ റെക്കോഡിലേക്ക് അഞ്ചു കുഞ്ഞുങ്ങളുമായി ഓടിക്കയറി സൂപ്പർ ഡാഡ്!

അമേരിക്കൻ സ്വദേശിയായ ചാഡ് കെമ്പെൽ അഞ്ചു കുട്ടികളുടെ സൂപ്പർ ഹീറോയാണ് .ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങളുടെ അച്ഛനായ ചാഡിനെ നോക്കി, ഇനി അമ്മയ്ക്കും അച്ഛനും ഇടം വലം തിരിയാൻ സമയം ലഭിക്കില്ല എന്നു പറഞ്ഞവർക്ക് മുന്നിൽ തന്റെ ഗിന്നസ് റെക്കോർഡ് ഉയർത്തിക്കാണിക്കുകയാണ് ചാഡ്.ഒറ്റപ്രസവത്തിൽ ജനിച്ച അഞ്ചു കുരുന്നുകളെയും ട്രോളിയിലാക്കി 26 മെയിൽ ദൂരത്തോളം മാരത്തോൺ ഓടിയതിനാണ് ചാഡിന് ഗിന്നസ് റെക്കോർഡ് ലഭിച്ചിരിക്കുന്നത്. തന്റെ വിജയത്തിന്റെ പൂർണമായ പിന്തുണ ഭാര്യ എമി നൽകിയ ആത്മവിശ്വാസമാണ് എന്ന് ചാഡ് പറയുന്നു. അഞ്ചു കുട്ടികളെ ഒരേ പ്രായത്തിൽ വളർത്തിയെടുക്കുക എന്നത് തന്നെ ശ്രമകരമായ കാര്യമാണ് . അങ്ങനെയുള്ളപ്പോൾ, അഞ്ചു കുട്ടികളുമായി എങ്ങനെ മാരത്തോൺ ഓടി എന്ന് ചോദിച്ചാൽ ചാഡിന്റെയും എമിയുടെയും ജീവിത കഥ അല്പം പറയേണ്ടി വരും.

മൊത്തം ഏഴു കുട്ടികളാണ് ചാഡിനും എമിക്കും ഉള്ളത്. വിവാഹ ശേഷം ഏറെ കാലം മക്കൾ ഇല്ലാതെ കഴിഞ്ഞ ഈ ദമ്പതിമാർക്ക് കുറെ വര്ഷങ്ങക്കു ശേഷമാണ് കുട്ടികൾ ഉണ്ടാകുന്നത് .ആദ്യ പ്രസവത്തിൽ ഇരട്ടകുട്ടികളും ,രണ്ടാമത്തെ പ്രസവത്തിലാണ് അഞ്ചുകുട്ടികളും ഉണ്ടായത് .മൂന്ന് ആൺകുഞ്ഞുങ്ങളും രണ്ട് പെണ്കുഞ്ഞുങ്ങളും അടങ്ങിയതായിരുന്നു ഈ അഞ്ചുകുട്ടിക്കൾ .ഒരേ സമയത്ത് കരയുന്ന, പലസമയങ്ങളിൽ ഉറങ്ങുന്ന, പലതരം സ്വഭാവം കാണിക്കുന്ന കുട്ടികളെ ജീവിതത്തോട് ഇണക്കിയെടുക്കാൻ കുറച്ചു സമയമെടുത്തുഅങ്ങനെ കുട്ടികളെ സമാധാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒരുമിച്ചുള്ള ജോഗിങ് തുടങ്ങിയത്. അഞ്ചു കൈക്കുഞ്ഞുങ്ങളെയും ട്രോളിയിൽ വരിവരിയായി കിടത്തി ഉന്തിക്കൊണ്ട് ചാഡ് ജോഗിങ് നടത്തി. അങ്ങനെ ഒരിക്കലാണ് മൂന്നു കുഞ്ഞുങ്ങളുമായി മാരത്തോൺ ഓടി റെക്കോർഡ് ഇട്ട വ്യക്തിയെ പറ്റി ചാഡ് അറിയുന്നത്. എങ്കിൽ പിന്നെ അഞ്ചു കുഞ്ഞുങ്ങളുമായി തനിക്കും അതായിക്കൂടെ എന്നായി ചാഡിന്റെ ചിന്ത.

ഭാര്യ എമിയുടെ പൂർണ പിന്തുണയോടെ പരിശീലനം ആരംഭിച്ചു . ഭക്ഷണമെല്ലാം കൊടുത്ത്, കുട്ടികളുമായി ട്രോളിയുമെടുത്ത് ചാഡ് നിരത്തിലേക്ക് ഇറങ്ങും. ആളൊഴിഞ്ഞ വഴിയിലൂടെ അങ്ങനെ ആ അച്ഛനും മക്കളും മാരത്തോൺ ഓട്ടം ആസ്വദിച്ചു. തുടക്കത്തിൽ ഓട്ടം പകുതിയാകുമ്പോൾ കൂട്ടത്തിൽ ആരെങ്കിലും ഒരാൾ കരയുമായിരുന്നു. പിന്നീട് ആ സ്വഭാവം മാറി.കുട്ടികളും അച്ഛനൊപ്പമുള്ള യാത്ര ആസ്വദിക്കാൻ തുടങ്ങി. അങ്ങനെ, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കുഞ്ഞുങ്ങളുമായി 26 മൈൽ ദൂരമോടി ചാഡ് ഗിന്നസ് റെക്കോർഡിലേക്ക് ഓടിക്കയറി. 45 മിനുട്ടോളം സമയമെടുത്താണ് മാരത്തോൺ പൂർത്തിയാക്കിയത്. ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ സ്വന്തം കാര്യങ്ങളെല്ലാം മാതാപിതാക്കൾക്ക് മാറ്റി വയ്‌ക്കേണ്ടി വരും എന്ന് പറയുന്നവർക്ക് മുന്നിൽ തന്റെ ജീവിതം കൊണ്ട് മാതൃകയാകുകയാണ് ചാഡ് കെംപെൽ എന്ന സൂപ്പർ ഡാഡ്!

error: Content is protected !!