
newsdesk
കോഴിക്കോട് ∙ തിരഞ്ഞെടുപ്പിൽ ജില്ലയിലെ നഗരങ്ങളിൽ വൻ വളർച്ചയുമായി ബിജെപി. ഗ്രാമങ്ങളിൽ ഇത്തവണയും കാര്യമായ ചലനമുണ്ടാക്കാനായില്ല. ജില്ലയിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മുന്നേറ്റമുണ്ടാക്കിയതായി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു പറഞ്ഞു. 38,370 വോട്ടാണ് ജില്ലയിൽ ഇത്തവണ ബിജെപിക്കു കൂടിയത്. ബിജെപിയുടെ സിറ്റി ജില്ലാ പരിധിയിലുള്ള നാലു മണ്ഡലങ്ങളിൽ ഇത്തവണ 23,576 വോട്ടാണ് അധികം ലഭിച്ചത്. വടകര കേന്ദ്രീകരിച്ചുള്ള നോർത്ത് ജില്ലാ പരിധിയിലെ നാലു മണ്ഡലങ്ങളിൽ 14,195 വോട്ടു കൂടി. ബാലുശ്ശേരി കേന്ദ്രീകരിച്ചുള്ള റൂറൽ ജില്ലാ പരിധിയിലാണ് ബിജെപിക്ക് അനക്കമുണ്ടാക്കാൻ കഴിയാത്തത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ 599 വോട്ടു മാത്രമാണ് കൂടിയത്. റൂറൽ പരിധിയിലെ എലത്തൂർ, തിരുവമ്പാടി മണ്ഡലങ്ങളിൽ വോട്ട് കുറയുകയും ചെയ്തു.
സിറ്റി ജില്ല (നോർത്ത്, സൗത്ത്, കുന്നമംഗലം, ബേപ്പൂർ)ബിജെപിയുടെ എ പ്ലസ് മണ്ഡലമായ കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസ് 39,899 വോട്ട് നേടി. കഴിഞ്ഞ തവണ എം.ടി.രമേശ് നേടിയ 30, 952 വോട്ടിൽനിന്നാണ് ബിജെപി ഇത്തവണ 8947 വോട്ടിന്റെ വർധനയുണ്ടാക്കിയത്. കോഴിക്കോട് സൗത്തിനെ ഇളക്കിമറിച്ച ബിജെപി സ്ഥാനാർഥി ടി.രനീഷ് 32,463 വോട്ട് നേടി. മണ്ഡലത്തിൽ മൂന്നാംസ്ഥാനത്താണു ഫിനിഷ് ചെയ്തതെങ്കിലും പുതിയറ, പൊറ്റമ്മൽ, കുതിരവട്ടം, മെഡിക്കൽ കോളജ്, കൊമ്മേരി, മാങ്കാവ്, പുതിയപാലം പ്രദേശങ്ങൾ ഉൾപ്പെടുന്ന ബിജെപിയുടെ പുതിയറ സംഘടനാ മണ്ഡലത്തിൽ 20,549 വോട്ടുമായി രനീഷാണ് ഒന്നാമത്. കഴിഞ്ഞ തവണ ബിജെപിക്ക് 24,873 വോട്ടു മാത്രമാണ് ലഭിച്ചത്. 7590 വോട്ടാണ് ഇവിടെ കൂടിയത്. കുന്നമംഗലത്ത് ബിജെപി മുൻ ജില്ലാപ്രസിഡന്റ് വി.കെ.സജീവൻ 34,435 വോട്ടു നേടി. കഴിഞ്ഞ തവണ 27, 672 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. 6763 വോട്ടാണ് വർധിച്ചത്.
ബിജെപിക്ക് വോട്ടു കുറയുമെന്ന് ആദ്യമേ സൂചനയുണ്ടായിരുന്ന ബേപ്പൂർ മണ്ഡലത്തിൽ ആ വെല്ലുവിളി ഏറ്റെടുത്ത് മത്സരത്തിനിറങ്ങിയത് ബിജെപി സിറ്റി ജില്ലാപ്രസിഡന്റ് കെ.പി.പ്രകാശ്ബാബുവാണ്. 26,543 വോട്ടാണ് പ്രകാശ്ബാബു ഇത്തവണ നേടിയത്. കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ നഷ്ടപ്പെട്ടില്ലെന്നതും 276 വോട്ട് ഇത്തവണ കൂടി എന്നതും ബിജെപിക്ക് ആശ്വാസമായി. കഴിഞ്ഞ തവണ 26,267 വോട്ടാണ് ബിജെപിക്ക് കിട്ടിയത്.
നോർത്ത് ജില്ല (വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര)കൊയിലാണ്ടിയിൽ മത്സരിച്ച നോർത്ത് ജില്ലാപ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ 23,545 വോട്ടാണ് നേടിയത്. എൻ.പി.രാധാകൃഷ്ണന് കഴിഞ്ഞ തവണ 17,555 വോട്ടാണ് ഇവിടെ ലഭിച്ചത്. 5990 വോട്ട് കൂടി. കഴിഞ്ഞ തവണ 10,225 വോട്ടു ലഭിച്ച വടകരയിൽ ഇത്തവണ കെ.ദിലീപ് 14,295 വോട്ടാണ് നേടിയത്. 4070 വോട്ടിന്റെ വർധന. കുറ്റ്യാടിയിൽ കഴിഞ്ഞ തവണത്തെ 9139 വോട്ട്, രാമദാസ് മണലേരി ഇത്തവണ 12,305 വോട്ടാക്കി ഉയർത്തി. 3166 വോട്ടിന്റെ വർധന. നാദാപുരത്ത് കഴിഞ്ഞ തവണ 10,537 വോട്ടുനേടിയിരുന്നു. ഇത്തവണ 969 വോട്ടിന്റെ വർധനയുമായി സി.പി.വിപിൻചന്ദ്രൻ 11,506 വോട്ടു നേടി. പേരാമ്പ്രയിൽ കഴിഞ്ഞ തവണ ലഭിച്ച 11,165 വോട്ടിൽനിന്ന് ഇത്തവണ എം.മോഹനൻ 13042 വോട്ടിലേക്ക് ഉയർന്നു.
റൂറൽ ജില്ല (ബാലുശ്ശേരി, എലത്തൂർ, കൊടുവള്ളി, തിരുവമ്പാടി)ബിജെപിയുടെ റൂറൽ ജില്ലയിൽ നാലു മണ്ഡലങ്ങളിൽ രണ്ടിടത്താണ് ബിജെപി മത്സരിച്ചത്. രണ്ടു സീറ്റ് ഘടകകക്ഷികൾക്കു നൽകി. എലത്തൂർ മണ്ഡലത്തിൽ ഇത്തവണ ബിജെപിക്ക് 1500 വോട്ടു കുറഞ്ഞത് വിവാദമായിക്കഴിഞ്ഞു. ബിജെപി റൂറൽ ജില്ലാപ്രസിഡന്റ് ടി.ദേവദാസാണ് എലത്തൂരിൽ മത്സരിച്ചത്. 31,510 വോട്ടു മാത്രമാണ് നേടിയത്. കഴിഞ്ഞ തവണ ടി.പി.ജയചന്ദ്രൻ 32,010 വോട്ട് നേടിയിരുന്നു. ബാലുശ്ശേരിയിൽ കഴിഞ്ഞ തവണത്തെ 16,490 വോട്ടിൽനിന്ന് ഇത്തവണ ബിജെപിയുടെ സി.പി.സതീഷ് 17,669 വോട്ടിലേക്ക് ഉയർത്തി. 1179 വോട്ടിന്റെ വർധന. ജില്ലയിലെ എൻഡിഎ ഘടകകക്ഷികൾക്കു പ്രതീക്ഷിച്ചത്ര വോട്ടു കിട്ടിയില്ല.
കൊടുവള്ളിയിൽ ബിഡിജെഎസ് സ്ഥാനാർഥി ഗിരി പാമ്പനാലിനു 9832 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞതവണ 9,498 വോട്ടാണ് ലഭിച്ചത്. 334 വോട്ടാണ് ഇവിടെ കൂടിയത്. തിരുവമ്പാടിയിൽ ട്വന്റി 20 സ്ഥാനാർഥി സണ്ണി തോമസിന് ആകെ ലഭിച്ചത് 7380 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപിയുടെ ബേബി അമ്പാട്ട് മത്സരിച്ചപ്പോൾ 7794 വോട്ട് ലഭിച്ചിരുന്നു. 414 വോട്ട് ഇത്തവണ കുറഞ്ഞു.