വെളുക്കാൻ തേച്ചത് വൃക്കയ്ക്ക്: അന്വേഷണത്തിന് നടപടി ;ക്രീമുകൾ ഉപയോഗിച്ചവർക്ക് വൃക്കസ്തംഭനം ഉണ്ടായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ട തോടെയാണ് ഇത് സംബന്ധിച്ച നടപടികൾക്ക് നിർദ്ദേശമുണ്ടായിരിക്കുന്നത്.

NEWSDESK

കോഴിക്കോട് : വെളുക്കാൻ വേണ്ടി തേച്ച സൗന്ദര്യ വർദ്ധക ക്രീം വൃക്ക തകരാറിലാക്കിയ സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പും പൊലീസും അന്വേഷണം തുടങ്ങിയതായി വിവരം. പതിനാലുകാരി ഉൾപ്പെടെ അതീവ ഗുരുതരാവസ്ഥയിലുള്ളവരുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് അനധികൃതമായി വിൽപ്പന നടത്തിക്കൊണ്ടിരിക്കുന്ന സൗന്ദര്യ വർദ്ധക ക്രീമുകളെക്കുറിച്ച് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയത്. ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതോടെ ആരോഗ്യവകുപ്പും പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചതായാണ് വിവരം.

ക്രീമുകൾ ഉപയോഗിച്ചവർക്ക് വൃക്കസ്തംഭനം ഉണ്ടായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ട തോടെയാണ് ഇത് സംബന്ധിച്ച നടപടികൾക്ക് നിർദ്ദേശമുണ്ടായിരിക്കുന്നത്.
കോട്ടയ്ക്കൽ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രവരി മുതല്‍ ജൂണ്‍ വരെയുള്ള സമയപരിധിക്കിടയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള രോഗികളിലാണ് മെമ്പനസ് നെഫ്രോപ്പതി എന്ന അപൂര്‍വ്വമായ വൃക്കരോഗം തിരിച്ചറിയപ്പെട്ടത്.

ഇവരില്‍ മഹാഭൂരിപക്ഷം പേരും തൊലിവെളുക്കാനുള്ള ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചവരായിരുന്നു.
പതിനാല് വയസ്സുകാരിയായ പെണ്‍കുട്ടിയിലാണ് ഇതാദ്യം ശ്രദ്ധയില്‍പ്പെട്ടത്. ചികിത്സയ്ക്കുള്ള മരുന്നുകള്‍ ഫലപ്രദമാകാതെ കുട്ടിയുടെ അവസ്ഥ ഗുരുതരമായി മാറിയ സാഹചര്യത്തിലാണ് പതിവില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചത് എന്ന അന്വേഷണം നടത്തിയത്.

ഈ അന്വേഷണത്തിലാണ് കുട്ടി പ്രത്യേക ഫെയര്‍നസ്സ് ക്രീം തുടർച്ചയായി ഉപയോഗിച്ചതായി മനസ്സിലാക്കിയത്. എന്നാല്‍ ഇതാണ് രോഗകാരണം എന്ന് ആ സന്ദര്‍ഭത്തില്‍ ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. ഈ കുട്ടിയുടെ ബന്ധുവായ മറ്റൊരാൾ കൂടി സമാനരോഗാവസ്ഥയുമായി ചികിത്സ തേടിയെത്തി. ഇരുവര്‍ക്കും അപൂര്‍വ്വമായ വൃക്ക പ്രശ്നമാണെന്ന് കണ്ടെത്തി. അന്വേഷണത്തില്‍ ഈ കുട്ടിയും ഇതേ ക്രീം ഉപയോഗിച്ചതായി വ്യക്തമായി. പിന്നീട് മറ്റൊരു യുവാവ് കൂടി സമാന ലക്ഷണവുമായി വരികയും അന്വേഷണത്തില്‍ ഇതേ ക്രീം രണ്ട് മാസമായി ഉപയോഗിച്ചതായി തെളിയുകയും ചെയ്തു.
error: Content is protected !!
%d