കാലുകളിലെ ഈ ലക്ഷണം നോക്കി ഹൃദയ സ്തംഭനം കണ്ടെത്താം? ; എന്താണ് 5 സെക്കന്റ് ലെഗ് ടെസ്റ്റ്;അറിയാം വിശദമായി

നമ്മുടെ ശരീരത്തിനുണ്ടാകുന്ന ഏതൊരു രോഗത്തെക്കുറിച്ചും ശരീരം നമുക്ക് മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കാണിച്ചുതരാറുണ്ട്. പലപ്പോഴും ഇതേക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അങ്ങനെ തന്നെ. ഹൃദയത്തെ ബാധിക്കുന്ന ഗുരുതര പ്രശ്‌നമായ ഹൃദയ സ്തംഭനം ചില ലക്ഷണങ്ങളിലൂടെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ അതിന് മുന്‍പ് ഹൃദയ സ്തംഭനം (Cardiac arrets) എന്താണെന്ന് അറിയണം.

ഹൃദയ സ്തംഭനം എന്നാല്‍ ഹൃദയം പ്രവര്‍ത്തനം നിര്‍ത്തി എന്നല്ല അര്‍ഥമാക്കുന്നത്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പറയുന്നതനുസരിച്ച് ഘടനാപരവും പ്രവര്‍ത്തനപരവുമായ തകരാറുകള്‍ കാരണം ഹൃദയം രക്തം പമ്പ് ചെയ്യേണ്ടത്ര കാര്യക്ഷമമായി പമ്പ് ചെയ്യുന്നില്ല എന്നാണ് ഇതിനര്‍ത്ഥം. ഇങ്ങനെ സംഭവിക്കുമ്പോള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് കാലുകള്‍, കണങ്കാലുകള്‍, പാദങ്ങള്‍ എന്നിവിടങ്ങളില്‍ ദ്രാവകം അടിഞ്ഞുകൂടാന്‍ തുടങ്ങും. നിങ്ങള്‍ ദീര്‍ഘനേരം ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുമ്പോള്‍ ഇത് കൂടുതല്‍ വഷളാവുകയും ചെയ്യും.

ഹൃദയസ്തംഭനത്തിന്റെ ആദ്യകാല മുന്നറിയിപ്പ് ലക്ഷണമായി കാലുകളിലോ കണങ്കാലുകളിലോ വീക്കം ഉണ്ടോ എന്ന് കണ്ടെത്തുന്ന ലളിതമായ ഒരു സ്വയം പരിശോധനയാണ് 5 സെക്കന്റ് ലഗ് ടെസ്റ്റ്.

ഇത് എങ്ങനെ ചെയ്യാം

എവിടെയെങ്കിലും സുഖകരമായി ഇരിക്കുക അല്ലെങ്കില്‍ കിടക്കുക.
ഹൃദയനിരപ്പിന് മുകളില്‍ വരത്തക്ക വിധത്തില്‍ ഒരു കാല്‍ ഉയര്‍ത്തുക.
ഏകദേശം അഞ്ച് സെക്കന്‍ഡ് നേരം അങ്ങനെതന്നെ പിടിക്കുക.
തുടര്‍ന്ന് കാല്‍ താഴ്ത്തി വയ്ക്കാവുന്നതാണ്.

കാല്‍ താഴ്ത്തിയതിനുശേഷം കാലിലോ കണങ്കാലിലോ ഉള്ള നീര്‍വീക്കം അവിടെത്തന്നെ ഉണ്ടെങ്കില്‍ അത് ദ്രാവകം അടിഞ്ഞുകൂടിയിരിക്കുന്നതിനെ സൂചിപ്പിക്കാം. ആരോഗ്യകരമായ രക്തചംക്രമണമുള്ള ആളുകളാണെങ്കില്‍ സാധാരണയായി പെട്ടെന്ന് കാലിലെ നീര് തിരിച്ചുവരികയില്ല.മറ്റൊരു രീതി ഇങ്ങനെയാണ്. കാല്‍മുട്ടിലോ കണങ്കാലിലോ അഞ്ച് സെക്കന്‍ഡ് നേരത്തേക്ക് ഒരു വിരല്‍ അമര്‍ത്തിപിടിക്കുക. ചര്‍മ്മത്തില്‍ ഒരു കുഴിപോലെ(പിറ്റിംഗ് എഡിമ ) ഉണ്ടെങ്കില്‍ ഇത് ഹൃദയത്തിന്റെയോ വ്യക്കയുടെയോ പ്രശ്‌നങ്ങളുടെ ലക്ഷണമാകാം.

എന്തുകൊണ്ടാണ് ഈ പരിശോധന
രക്തം ശരിയായി പമ്പ് ചെയ്യാന്‍ ഹൃദയം പാടുപെടുമ്പോഴാണല്ലോ ഹൃദയ സ്തംഭനം ഉണ്ടാകുന്നത്. തല്‍ഫലമായി രക്തം സിരകളില്‍, പ്രത്യേകിച്ച് ശരീരത്തിന്റെ താഴത്തെ ഭാഗങ്ങളില്‍ അടിഞ്ഞുകൂടാം. ഈ വര്‍ദ്ധിച്ച സമ്മര്‍ദ്ദം രക്തക്കുഴലുകളില്‍ നിന്നും ചുറ്റുമുള്ള കലകളിലേക്ക് ദ്രാവകം തള്ളിവിടുകയും വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. National Health Science (NHS) അനുസരിച്ച്, ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളിലൊന്ന് കണങ്കാലുകളിലേയും കാലുകളിലേയും നീര്‍വീക്കം (എഡീമ) ആണ്. ഇത് ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലമാണ് സംഭവിക്കുന്നത്. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ നീര്‍വീക്കം കുറവാണെങ്കിലും ദിവസം മുന്നോട്ടുപോകുമ്പോള്‍ ഇത് വഷളായി വരുന്നു.

കാല്‍ ഉയര്‍ത്തിവയ്ക്കുമ്പോള്‍ ഗുരുത്വാകര്‍ഷണം മൂലം താല്‍ക്കാലികമായി ഈ ദ്രാവകം ഹൃദയത്തിലേക്ക് തിരികെ പോകുന്നു. വീണ്ടും കാല്‍ താഴ്ത്തുമ്പോള്‍, ദ്രാവകം വേഗത്തില്‍ തിരികെ വന്നേക്കാം. ഈ ദ്രുതഗതിയിലുള്ള തിരിച്ചുവരവാണ് 5 സെക്കന്‍ഡ് ലെഗ് ടെസ്റ്റ് കൊണ്ട് അറിയാന്‍ ശ്രമിക്കുന്നത്.

ഈ പരിശോധനയിലൂടെ ഒരു വ്യക്തിക്ക് ഹൃദയസ്തംഭനം ഉണ്ടാകുമോ എന്ന് പൂര്‍ണമായി നിശ്ചയിക്കാന്‍ കഴിയില്ല. ഹൃദയ സ്തംഭനത്തിന്റെ മറ്റ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍ക്കൊപ്പം ഈ നീര്‍വീക്കം കൂടി ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ശ്വാസം മുട്ടല്‍, പ്രത്യേകിച്ച് മലര്‍ന്നു കിടക്കുമ്പോള്‍, ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അസാധാരണമായ ക്ഷീണം, വേഗത്തിലുള്ള ശരീരഭാരം വര്‍ധിക്കുക, വൈകുന്നേരമാകുമ്പോള്‍ കണങ്കാലുകള്‍ വീര്‍ത്തിരിക്കുക, രാത്രിയില്‍ തുടര്‍ച്ചയായ ചുമ അല്ലെങ്കില്‍ ശ്വാസംമുട്ടല്‍, ഭക്ഷണം കഴിച്ചതിനുശേഷം പെട്ടെന്ന് വയറു വീര്‍ത്തതായി തോന്നുക.ഈ ലക്ഷണങ്ങളില്‍ പലതും ഒരുമിച്ച് കണ്ടാല്‍, വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

നേരത്തെ കണ്ടെത്തുന്നത് എത്രത്തോളം സഹായകമാണ്
ഹൃദയസ്തംഭനം ഒരു ദീര്‍ഘകാല ആരോഗ്യ അവസ്ഥയാണ്. എന്നാല്‍ നേരത്തെയുള്ള രോഗനിര്‍ണയം ചികിത്സ എളുപ്പമാക്കും. ഇത് ആളുകളെ കൂടുതല്‍ ആരോഗ്യത്തോടെയിരിക്കാനും സുഖം പ്രാപിക്കാനും, സഹായിക്കും. എത്രയും വേഗം ചികിത്സ ആരംഭിക്കുന്നുവോ അത്രയും മികച്ച ഫലങ്ങള്‍ ലഭിക്കും.

ഡോക്ടറെ കാണേണ്ടത് എപ്പോള്‍
കാലിലെ നീര്‍വീക്കം സ്ഥിരമായിട്ടുള്ളതോ വേദനാജനകമോ, അല്ലെങ്കില്‍ വഷളാകുന്നതോ ആണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. നീര്‍വീക്കത്തിനൊപ്പം ശ്വാസതടസ്സം, നെഞ്ചിലെ അസ്വസ്ഥത, പെട്ടെന്ന് ശരീരഭാരം വര്‍ധിക്കുക എന്നിവ ഉണ്ടെങ്കിലും ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. മെഡിക്കല്‍ ചരിത്രം, ശാരീരിക പരിശോധന, രക്തപരിശോധനകള്‍, സ്‌കാനുകള്‍, ചിലപ്പോള്‍ എക്‌സ്-റേകള്‍ എന്നിവയെല്ലാം നിരീക്ഷിച്ച ശേഷമാണ് ഡോക്ടര്‍മാര്‍ ഹൃദയസ്തംഭനം നിര്‍ണ്ണയിക്കുന്നത്. വീട്ടില്‍ നടത്തുന്ന ഒരു പരിശോധന ഒരിക്കലും ഈ പ്രക്രിയയ്ക്ക് പകരമാവില്ല.

error: Content is protected !!