
Web Desk
കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. പ്രതി സൂരജ് കുറ്റക്കാരനെന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് തിങ്കളാഴ്ച വിധി പറഞ്ഞിരുന്നു. ഇന്ന് രാവിലെ 12 മണിക്കാണ് ശിക്ഷ വിധിക്കുക. പ്രതിക്കെതിരെ 302, 307, 328, 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതി കുറ്റക്കാരനെന്ന് വിധിച്ച സൂരജിന് വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.
മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.
പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കനത്ത സുരക്ഷാവലയത്തിലാണ് ആള്‍ക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പൊലീസ് സംഘം തിങ്കളാഴ്ച കോടതിമുറിക്കുള്ളിലെത്തിച്ചത്. പ്രതിയെ അടുത്ത് വിളിച്ചുവരുത്തി ചെയ്ത കുറ്റകൃത്യങ്ങള്‍ വായിച്ചുകേള്‍പ്പിച്ച കോടതി എന്തെങ്കിലും പറയാനുണ്ടോ എന്ന് സൂരജിനോട് ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ കോടതിക്കുമുന്നില്‍ വെച്ചു. ഭാര്യ വേദന കൊണ്ടുപുളയുമ്പോള്‍ പ്രതി മറ്റൊരു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.