
Local News
ഗോത്ര വർഗ മേഖലയിൽ ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന ആശയം പ്രചരിപ്പിക്കുന്നതിനും, അർഹതപ്പെട്ട ഭക്ഷ്യ വസ്തുക്കൾ ഗോത്രവർഗ വിഭാഗത്തിന് കൃത്യമായ അളവിലും, ഗുണമേന്മയിലും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി സംസ്ഥാന ഭക്ഷ്യ കമ്മിഷൻ രൂപം നൽകിയ ഭാസുര എന്ന ഗോത്രവർഗ വനിതാ ഭക്ഷ്യ ഭദ്രത കൂട്ടായ്മയുടെ ജില്ലാതല ഉത്ഘാടനത്തിനെത്തിയ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാൻ കെ.വി.മോഹൻ കുമാറിനെയും സംഘത്തെയും ഉത്ഘാടന വേദിയിലേക്ക് സ്വീകരിച്ചാനയിച്ചതു ഗോത്രവർഗ്ഗക്കാരുടെ പരമ്പരാഗത വാദ്യോപകരങ്ങളുടെ അകമ്പടിയോടെയുള്ള നൃത്തചുവടുകളോടെ.

സാധാരണ ഉത്ഘാടന വേദികൾ ചെണ്ട മേളവും,ശിങ്കാരി മേളവുമൊക്കെ കയ്യടക്കുന്ന പതിവ് രീതിയിൽ നിന്ന് വിഭിന്നമായി ഗോത്ര വർഗ വിഭാഗക്കാർ തന്നെ തുടിയുടെയും , കുറുംകുഴലിന്റെയും അകമ്പടിയോടെ ചുവടു വെച്ചപ്പോൾ കാഴ്ചക്കാർക്കും കൗതുകമായി.ഗോത്ര വർഗ വിഭാഗത്തിന് വേണ്ടിയുള്ള പരിപാടിയിൽ അവരുടെ സംസ്കാരവും, തനിമയും കൊണ്ടുവരാനായതിൽ സംഘാടകാർക്കും ഏറെ സംതൃപ്തി.