
newsdesk
തിരുവമ്പാടി : മലയോര, കുടിയേറ്റ നിവാസികളുടെ ചിരകാലാഭിലാഷമായ തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയുടെ നിർമാണപ്രവൃത്തി തുടങ്ങി. നഗരത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെ കറ്റിയാടാണ് സബ് ഡിപ്പോയും ബസ്സ്റ്റേഷനും വരുന്നത്. 2.79 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കാനാണ് ധാരണയെങ്കിലും ഒരുവർഷത്തിനകം പണിതീരുമെന്നാണ് പ്രതീക്ഷയെന്ന് ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു.
ട്രാൻസ്പോർട്ട് ബസുകൾ മാത്രം സർവീസ് നടത്തുന്ന കക്കാടംപൊയിൽ, പൂവാറൻതോട്, മുത്തപ്പൻപുഴ തുടങ്ങി ഒട്ടേറെ പ്രദേശങ്ങളാണ് മേഖലയിലുളളത്. മണിക്കൂറുകൾ ഇടവിട്ടാണ് പലയിടങ്ങളിലേക്കും ബസുളളത്. സ്വകാര്യബസ് സർവീസുകളില്ലാത്ത റൂട്ടുകളിൽ എത്തിപ്പെടാൻ മലയോരനിവാസികൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. കുടിയേറ്റമേഖലയായതിനാൽ മധ്യതിരുവിതാംകൂർ ഉൾപ്പെടെ തെക്കൻ ജില്ലകളിലേക്ക് മലയോരത്തുനിന്ന് നിത്യേന ഒട്ടേറെ യാത്രക്കാരാണുളളത്. ആവശ്യത്തിന് ദീർഘദൂര ബസുകൾ ഇല്ലാത്തതുമൂലം പലവണ്ടികൾ മാറിക്കയറേണ്ട അവസ്ഥയാണ്. ഡിപ്പോ യാഥാർഥ്യമാകുന്നതോടെ കൂടുതൽ ദീർഘദൂര, ഹ്രസ്വദൂര ബസുകൾ അനുവദിക്കുമെന്നത് വലിയ ആശ്വാസമാകും.