
NEWSDESK
ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനമാണ്. ലോകത്ത് പ്രതിവർഷം എട്ടു ലക്ഷത്തോളം പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. ഇന്ത്യയിൽ ഒന്നരലക്ഷത്തിലധികം പേർ പ്രതിവർഷം ജീവനൊടുക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിലും ആത്മഹത്യാ നിരക്കുയരുകയാണ് .
മാനസികാരോഗ്യ സംരക്ഷണത്തെപ്പറ്റി ജനതയിൽ അവബോധം സൃഷ്ടിച്ചാൽ തന്നെ ആത്മഹത്യ വലിയൊരു പരിധി വരെ ഒഴിവാക്കാനാകും
ആത്മഹത്യ ഭീരുത്വമാണെന്ന് വിശേഷിപ്പിക്കുന്നവരായിരുന്നു ഏണസ്റ്റ് ഹെമിങ്വേയുടെ ‘ഫോർ ഹൂം ദ ബെൽ ടോൾസ് എന്ന നോവലിലെ കഥാപാത്രങ്ങളെല്ലാം തന്നെ. നോബേൽ പുരസ്കാരവും പുലിസ്റ്റർ സമ്മാനവുമടക്കം നേടിയ അതിപ്രശസ്തനായ ഈ എഴുത്തുകാരൻ പക്ഷേ തന്റെ അറുപത്തിയൊന്നാം വയസ്സിൽ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.
ആത്മഹത്യ അങ്ങനെയാണ്. ആത്മഹത്യയ്ക്കെതിരെ നിലകൊള്ളുന്നവരെപ്പോലും ചിലപ്പോഴത് കീഴ്പ്പെടുത്തിക്കളയും. ഏകാന്തത കൂടുതലായി വേട്ടയാടാൻ തുടങ്ങുമ്പോൾ, ജീവിതം ഒരു തരത്തിലും മുന്നോട്ടുപോകില്ലെന്ന് ധരിക്കുമ്പോൾ, നൈരാശ്യതയിൽപ്പെട്ടുഴലുമ്പോൾ അവസാന ആശ്രയമെന്നോണമാണ് പലരും ആത്മഹത്യയിൽ അഭയം തേടുന്നത്. കുടുംബസംഘർഷങ്ങളും പ്രണയപരാജയങ്ങളും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ജീവനെടുക്കുന്നതിലേക്ക് നയിക്കുന്നു.
ആത്മഹത്യാ പ്രവണത ഉള്ള ഒരു വ്യക്തിയെ എങ്ങനെ തിരിച്ചറിയാമെന്ന് മനസിലാക്കുന്നതിനുമുമ്പ്, അത്തരം കടുത്ത ചുവട് വയ്ക്കാനൊരുങ്ങുന്ന മിക്കവാറും എല്ലാ വ്യക്തികളും മാനസികമായി അസ്വസ്ഥരാണെന്നും കൂടുതലും വിഷാദത്തിലാണെന്നും അറിയേണ്ടത് പ്രധാനമാണ്. ഇതൊരു മാനസികാവസ്ഥയാണ്. മാത്രമല്ല അവരുടെ ശാരീരികവും ബാഹ്യവുമായ രൂപത്തിന് തികച്ചും വിരുദ്ധമായിരിക്കാം അവരുടെ മാനസികാവസ്ഥ. പുറമെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നുണ്ടെങ്കിലും, ഉള്ളിൽ വേദനകൊണ്ട് നീറുകയായിരിക്കാം അവർ. അവർ എത്ര സന്തോഷത്തോടെ കാണപ്പെടുന്നു എങ്കിലും നിങ്ങൾ അവരോട് എങ്ങനെ പെരുമാറുന്നുവെന്നത് ശ്രദ്ധിക്കുക.
depression, mentalhealth
ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ സഹപ്രവർത്തകനോ ഇത്തരം ചിന്തകളുണ്ടെങ്കിൽ നിങ്ങൾക്ക് എന്ത് ചെയ്യാനാകും? സ്വഭാവത്തിലെ മാറ്റമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സംഭാഷണങ്ങൾ, ഒത്തുചേരലുകൾ, സാമൂഹിക സമ്പർക്കം എന്നിവ ഒഴിവാക്കാൻ ആരംഭിച്ച ഒരാൾ അപകടത്തിലാണ് എന്ന് മനസിലാക്കുക. അവർക്ക് ശുഭാപ്തിവിശ്വാസം നഷ്ടപ്പെടുകയും, ദിവസങ്ങൾ ദുഃഖപൂർണമാകുകയും ചെയ്യുന്നു; നിരാശയും നിസ്സഹായതയും അവരുടെ പെരുമാറ്റത്തെ കീഴടക്കും; ചെറിയ പ്രശ്നങ്ങളിൽ പോലും തളരുകയും കണ്ണുനിറയുകയും ചെയ്യുന്നു. അല്ലെങ്കിൽ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയും കോപിക്കുകയും ചെയ്യുന്നു. അത്തരം ആളുകളോട് ആശയവിനിമയം നടത്താൻ പ്രയാസമാണ്, അവർക്ക് ചുറ്റുമുള്ള ആളുകൾക്ക് മാത്രമല്ല, ഡോക്ടർമാർക്കും.
ഒരാളുടെ സ്വഭാവത്തിൽ പെട്ടെന്ന് അത്തരം മാറ്റങ്ങൾ ഉണ്ടാകുകയോ അയാളിൽ ആത്മഹത്യ പ്രവണതകൾ ഉണ്ടെന്ന് തോന്നുകയോ ചെയ്താൽ, ആദ്യം ചെയ്യേണ്ട കാര്യം അവർക്ക് എന്തെങ്കിലും തുറന്ന് പറയാനുണ്ടോ എന്ന് മനസിലാക്കലാണ്. മനസ് തുറക്കാൻ അവർ തയ്യാറായാൽ ക്ഷമയോടെ അവരെ കേൾക്കുകയും അവരുടെ ആശങ്കകളും പ്രശ്നങ്ങളും മുൻവിധികളില്ലാതെ മനസിലാക്കാൻ ശ്രമിക്കുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്യുക.
ചില സമയങ്ങളിൽ, നേരിട്ടുള്ള ആശയവിനിമയം തന്നെയാണ് ഏറ്റവും മികച്ച മാർഗം. ആത്മഹത്യയെ കുറിച്ച് നേരിട്ട് ചോദിക്കുന്നത്, അതിന് പ്രോത്സാഹിപ്പിക്കലാകും എന്നൊരു തെറ്റിദ്ധാരണ ഉണ്ട്. ഇത് തീർത്തും തെറ്റാണ്. തീവ്രമായ വൈകാരിക വേദനയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമായാണ് ആളുകൾ ആത്മഹത്യയെ ആശ്രയിക്കുന്നത് എന്ന് ആദ്യം മസിലാക്കുക. അവർക്കൊപ്പം നിൽക്കുക. നിങ്ങൾക്ക് അവരോട് സ്നേഹമുണ്ടെന്നും അവരെ കേൾക്കാൻ തയ്യാറാണെന്നും ബോധ്യപ്പെടുത്തുക. കാര്യങ്ങൾ ശരിയാകുന്നില്ലെങ്കിലോ കൂടുതൽ മോശമാകുകയോ ചെയ്യുന്നെങ്കിൽ, ആ വ്യക്തി പ്രൊഫഷണൽ സഹായം തേടണമെന്ന് നിർദ്ദേശിക്കാൻ ഭയപ്പെടരുത്. ഇതുവഴി മിക്ക ആളുകളുടേയും മാനസിക നില മെച്ചപ്പെടുകയും തെറ്റായ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാൻ സാധിക്കുകയും ചെയ്യും.

നമ്മിൽ ചിലർ ചിന്തിക്കുന്നു ആത്മഹത്യ പാപമാണെന്നും തീർത്തും ദുർബലമായൊരു വഴിയാണെന്നുമാണ്. നാമെല്ലാവരും മനുഷ്യരാണെന്നും നമുക്ക് പരിമിതികളുണ്ടെന്നും ഓർക്കുക. തടസ്സങ്ങൾ മറികടക്കാൻ പാലങ്ങൾ നിർമിക്കുക. ആർക്കെങ്കിലും വേണ്ടി ആ പാലമായി മാറുക.
അന്യന്റെ ദുഖത്തിൽ പങ്കുചേരാനും വേദനിക്കുന്നവരെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടാനുമൊക്കെ സമൂഹം ശ്രമിച്ചാൽ ആത്മഹത്യകൾ വലിയൊരു പരിധി വരെ ഒഴിവാക്കാനാകും. ജനതയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് പക്ഷേ പരമപ്രധാനം. ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യം സംരക്ഷിക്കുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ വിഷാദരോഗത്തിന്റെ ലക്ഷണം കണ്ടാലുടനെ തന്നെ മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സ തേടാൻ മറക്കരുത്.
മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളം ഉണ്ട്. ആത്മഹത്യ എന്ന അപകടവുമായി മുഖാമുഖം നില്ക്കുന്നവര് ജീവിതത്തിലേക്ക് മടങ്ങി വരാന് സഹായകരമാകുന്ന കൗൺസിലിംഗ് സേവനങ്ങളും ആത്മഹത്യ ഹെൽപ്പ്ലൈനുകളും അവര് നടത്തുന്നുണ്ട്
കേരളത്തിൽ പ്രതിദിനം 26 ആത്മഹത്യകളും 523 ആത്മഹത്യാശ്രമങ്ങളും നടക്കുന്നുവെന്നാണ് കണക്കുകൾ. ആത്മഹത്യനിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ജീവരക്ഷ എന്ന പേരിൽ സംസ്ഥാനമൊട്ടാകെ കേരള സർക്കാർ ആത്മഹത്യ പ്രതിരോധ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. വിഷമത അനുഭവിക്കുന്ന ജനങ്ങളുമായി അടുത്തിടപഴകുന്ന ആരോഗ്യപ്രവർത്തകർ, അധ്യാപകർ, പൊലീസുകാർ, ജനപ്രതിനിധികൾ, പുരോഹിതർ എന്നിവർക്ക് മാനസികമായ പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.