
newsdesk
കോഴിക്കോട്: കർണ്ണാടകയിലെ ഷിരൂരിൽ 2024 ജൂലൈയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മകൻ അർജുന് വേണ്ടി കാത്തിരുന്ന അനുഭവം, അമ്മ ഷീല കുറുവച്ചാലിൽ എഴുതിയ ‘അർജുൻ എൻ്റെ മകൻ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം ജൂൺ 13 ന് വൈകീട്ട് 4 മണിക്ക് അർജുൻ്റെ നാടായ കണ്ണാടിക്കലിൽ നടക്കും. സി. കുഞ്ഞിക്കുട്ടി സ്മാരക ഹാളിലാണ് പരിപാടി. കേരളവിഷൻ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.എം.മുകുന്ദൻ പുസ്തക പ്രകാശനം നിർവ്വഹിക്കും. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പുസ്തകം ഏറ്റുവാങ്ങും. കെഐടി മാനേജിംഗ് ഡയറക്ടർ കെ.ഗോവിന്ദൻ അധ്യക്ഷനാകും. എം.കെ.രാഘവൻ (എംപി) ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. മുൻ ഗവർണ്ണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള മുഖ്യാതിഥിയാവും. എ.സുരേഷ് പുസ്തക പരിചയം നടത്തും.
സതീഷ് സെയ്ൽ (എംഎൽഎ – കാർവാർ),അഡ്വ.കെ.ജയന്ത് (എംഎൽഎ) ,എ.കെ.എം.അഷറഫ് (എംഎൽഎ),എ.പ്രദീപ് കുമാർ (മുൻ എംഎൽഎ) ,ബീന ഫിലിപ് (മുൻ കോഴിക്കോട് മേയർ),വി. വസീഫ് (സംസ്ഥാന പ്രസിഡണ്ട്, ഡിവൈഎഫ്ഐ),ഈശ്വർ മൽപെ(ദുരിതാശ്വാസ പ്രവർത്തകൻ),ബിജുലാൽ (കോർപ്പറേഷൻ കൗൺസിലർ),കെ. വിജയകൃഷണൻ (പ്രസിഡണ്ട്, സിഡ്കോ) എന്നിവർ ആശംസാ പ്രസംഗം നടത്തും. എഴുത്തുകാരി ഷീല കുറുവച്ചാലിൽ മറുപടി പ്രസംഗം ചെയ്യും. കേരളവിഷൻ ന്യൂസ് മാനേജിംഗ് ഡയറക്ടർ പ്രിജേഷ് അച്ചാണ്ടി, കേരളവിഷൻ പബ്ലിക്കേഷൻസ് എഡിറ്റർ എൻ.ഇ.ഹരികുമാർ എന്നിവരും പങ്കെടുക്കും.
കേരളവും കർണ്ണാടകവും കൈകോർത്ത് 72 ദിവസമാണ് അർജുൻ എന്ന ട്രക്ക് ഡ്രൈവർക്ക് വേണ്ടി ഷിരൂരിലെ ഗംഗാവലി നദിയിൽ തിരച്ചിൽ നടത്തിയത്. ആ ദിവസങ്ങളിൽ അർജുൻ്റെ അമ്മയും കുടുംബവും കടന്നു പോയ അനുഭവങ്ങളുടെ ഹൃദയസ്പർശിയായ വിവരണമാണ് ഈ പുസ്തകം. പ്രമുഖ ദുരന്തനിവാരണ വിദഗ്ദൻ മുരളി തുമ്മാരുകുടി ആണ് പുസ്തകത്തിന് അവതാരിക എഴുതിയത്.