
newsdesk
കോഴിക്കോട്: കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ നാല് തവണ കോഴിക്കോട് നിപ ബാധ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിപ വൈറസ് ബാധ ആവര്‍ത്തിക്കുന്നതിന് കൃത്യമായ കാരണം കണ്ടെത്താനാകാതെ ശാസ്ത്രലോകം. ഇതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ ഐ.സി.എം.ആര്‍, എന്‍.ഐ.വി പൂനെ തുടങ്ങിയ സ്ഥാപനങ്ങള്‍ വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എങ്കിലും എന്തുകൊണ്ടാണ് ഒരു പ്രദേശത്ത് മാത്രം ഈ രോഗം കൂടുതലായി കണ്ടുവരുന്നത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
2018ല്‍ കോഴിക്കോട് പേരാമ്പ്രയ്ക്ക് അടുത്തുള്ള ചങ്ങരോത്താണ് ആദ്യമായി നിപ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മലപ്പുറം, കോഴിക്കോട് സ്വദേശികളായ 17 പേര്‍ അന്ന് നിപയ്ക്ക് കീഴടങ്ങി. ചങ്ങരോത്ത് സൂപ്പിക്കട സ്വദേശി മുഹമ്മദ് സാബിത്തായിരുന്നു കോഴിക്കോട്ട് നിപ സ്ഥിരീകരിച്ച ആദ്യരോഗി. ഒരു കുടുംബത്തിലെ മൂന്നുപേര്‍ നിപയ്ക്ക് കീഴടങ്ങി. ഇവരെ പരിചരിച്ച നഴ്‌സ് ലിനിയും അന്ന് മരണമടഞ്ഞു. പിന്നീട് കേരളം ഈ രോഗത്തെ നേരിടാനുള്ള കഴിവുകള്‍ ആര്‍ജിക്കുന്നതാണ് കണ്ടത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ വ്യാപനതോത് കുറയ്ക്കാന്‍ സാധിച്ചു. സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം സ്വദേശികളായ 22 പേരാണ് ഇതുവരെ നിപ രോഗം ബാധിച്ച് മരിച്ചത്.
പാരിസ്ഥിതിക മാറ്റങ്ങളും വവ്വാലുകളുടെ ഉയര്‍ന്ന സാന്നിധ്യവുമാണ് രോഗബാധയ്ക്ക് കാരണമായി പറയുന്നത്. ഈ രോഗത്തിന് കാരണങ്ങളാണ്. എന്തുകൊണ്ട് കോഴിക്കോട് എന്നതിന് കൃത്യമായ വിശദീകരണം ലഭ്യമല്ലെങ്കിലും ചില പാരിസ്ഥിതിക കാരണങ്ങള്‍ വൈറസിന് കൂടുതല്‍ സാന്ദ്രത ലഭ്യമാക്കുന്നുവെന്നതാണ് നിരീക്ഷണം. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളയാളിലേക്ക് രോഗാണു എങ്ങനെ എത്തിയെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
കേരളത്തില്‍ നടന്നിട്ടുള്ള പഠനങ്ങള്‍ മറ്റൊന്ന് കൂടി സൂചിപ്പിക്കുന്നുണ്ട്. മനുഷ്യരുടെയും വവ്വാലുകളുടെയും ‘ഇന്റര്‍ഫേസ് സോണുകളാ’ണ് കോഴിക്കോടുള്ളത് എന്നതാണത്. അഥവാ വവ്വാലുകള്‍ ഭക്ഷണം തേടുന്ന കേന്ദ്രങ്ങളും, മനുഷ്യരുടെ വാസ കേന്ദ്രങ്ങളും ഒരിടത്താണ്. ഐസിഎംആറും എന്‍ഐവിയും നടത്തിയ പഠനങ്ങള്‍ ഈ പ്രദേശങ്ങളിലെ ടെറോപ്പസ് വവ്വാലുകള്‍ സ്ഥിരമായി വൈറസ് വഹിക്കുന്നുണ്ട് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് ഈ മേഖലയിലെ പ്രത്യേക കാലാവസ്ഥ ഒരു കാരണമാകുന്നുണ്ടോയെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതുവരെ ശാസ്ത്രീയമായ ഒരു വിശദീകരണം ലഭിച്ചിട്ടില്ല.
നിപ വൈറസിന്റെ പ്രധാന വാഹകരായ റ്റെറോപ്പസ് മീഡിയസ് എന്ന ഇനം പഴംതീനി വവ്വാലുകള്‍ പശ്ചിമഘട്ടത്തോട് ചേര്‍ന്നുള്ള കേരളത്തിലെ പ്രദേശങ്ങളില്‍ ധാരാളമായി കാണാം. വനനശീകരണം, ആവാസവ്യവസ്ഥയുടെ തകര്‍ച്ച എന്നിവ കാരണം വവ്വാലുകള്‍ക്ക് കാടുകളില്‍ തീറ്റ ലഭിക്കാതെ വരികയും, അവ നാട്ടിലേക്കും കൃഷിയിടങ്ങളിലേക്കും കൂടുതലായി എത്തുകയും ചെയ്യുന്നു. ഇത് മനുഷ്യരും വവ്വാലുകളും തമ്മിലുള്ള സമ്പര്‍ക്കത്തിന് കാരണമാകുന്നു.