
newsdesk
തോട്ടുമുക്കം : ലോകകപ്പ് ഫുട്ബോൾ എന്ന് കേൾക്കുമ്പോൾ നമ്മുടെയൊക്കെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ബ്രസീലും അർജന്റീനയും പോർച്ചുഗലുമൊക്കെയാണ്. എന്നാൽ, ഈ വമ്പന്മാർക്കിടയിലേക്ക് നെഞ്ചും വിരിച്ച് ഒരു ടീം കൂടി ഇറങ്ങിയാലോ? അതെ..വമ്പൻമാരുടെ നെഞ്ചിടിപ്പ് കൂട്ടി, കാണികളെ ആവേശത്തിന്റെ കൊടുമുടി കയറ്റി ഇതാ നമ്മുടെ സ്വന്തം ഇന്ത്യൻ ടീം. വേൾഡ് കപ്പിനെ വരവേറ്റ് കോഴിക്കോട് തോട്ടുമുക്കത്ത് നടന്ന ഫാൻസ് ഫുട്ബോൾ ടൂർണ്ണമെന്റിലാണ് അർജെന്റീനക്കും ബ്രസീലിനും ഒപ്പം ഇന്ത്യൻ ടീമും കളിക്കാൻ ഇറങ്ങിയത്. തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും നാട്ടിലെ ഫുട്ബോൾ പ്രേമികളും സംയുക്തമായി നടത്തിയ ഈ ഫാൻസ് ടൂർണ്ണമെന്റ് വേറിട്ടൊരു കാഴ്ച്ചയായി.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും, നെയ്മറുടെ ബ്രസീലും, മെസ്സിയുടെ അർജന്റീനയുമൊക്കെ ജേഴ്സി അണിഞ്ഞ് ഇവിടുത്തെ പിള്ളേർ ഗ്രൗണ്ടിലിറങ്ങി. നാല് ടീമുകൾ മാറ്റുരയ്ക്കുന്ന പോരാട്ടം. പക്ഷേ… ഈ ടൂർണമെന്റിലെ യഥാർത്ഥ ഹീറോസ് മറ്റാരുമല്ല, അത് നമ്മുടെ സ്വന്തം ഇന്ത്യൻ ടീം ആയിരുന്നു! ബ്രസീലിന്റെ മഞ്ഞക്കുപ്പായക്കാരും അർജന്റീനയുടെ നീലാകാശപ്പടയും പോർച്ചുഗലിന്റെ ചുവപ്പൻമാരും ഇന്ത്യൻ പോസ്റ്റിനെ ലക്ഷ്യമാക്കി പാഞ്ഞടുത്തെങ്കിലും, തോട്ടുമുക്കത്തിന്റെ ചുണക്കുട്ടികൾ വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു. വമ്പൻമാരെ വിറപ്പിക്കുന്ന പ്രകടനവുമായി ഇന്ത്യയുടെ പിള്ളേർ കളം ഭരിച്ചപ്പോൾ, തോറ്റത് ലോകകപ്പിലെ വമ്പൻ ടീമുകളുടെ പ്രശസ്തിയായിരുന്നു, ജയിച്ചത് ഇന്ത്യ എന്ന നമ്മുടെ വികാരമായിരുന്നു!
അർജന്റീനയും ബ്രസീലും പോർച്ചുഗലുമൊക്കെ ഗ്രൗണ്ടിൽ കളം നിറഞ്ഞെങ്കിലും, ഗാലറിയിലും മൈതാനത്തും ഏറ്റവും കൂടുതൽ ആർപ്പുവിളികളും കൈയടികളും ഉയർന്നത് ഇന്ത്യ എന്ന ആ ഒരൊറ്റ പേരിനായിരുന്നു! തോട്ടുമുക്കം സ്കൂൾ ടീം ഇന്ത്യൻ ജേഴ്സിയിൽ പന്തുരുട്ടിയപ്പോൾ കണ്ടുനിന്ന നാട്ടുകാരുടെയും കുട്ടികളുടെയും ഉള്ളിലെ യഥാർത്ഥ ഫുട്ബോൾ പ്രേമം ഉണർന്നു. ഓരോ മലയാളി ഫുട്ബോൾ ആരാധകനും നെഞ്ചിൽ കൊണ്ടുനടക്കുന്ന ആ വലിയ സ്വപ്നമുണ്ടല്ലോ—ഇന്ത്യ ലോകകപ്പ് കളിക്കുന്നത് കാണുക എന്നത്—ആ ഒരു വികാരമാണ് തോട്ടുമുക്കത്തെ ഗ്രൗണ്ടിൽ അലയടിച്ചത്!
“വേൾഡ് കപ്പിൽ ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രിയപ്പെട്ട ടീം ഉണ്ടെങ്കിലും, ഈ കളിയിൽ ഞങ്ങൾ എല്ലാവരും ഇന്ത്യൻ ടീമിനൊപ്പമാണ്. ഏതെങ്കിലും ഒരു കാലത്ത് നമ്മുടെ ഇന്ത്യ വേൾഡ് കപ്പിൽ നേരിട്ട് കളിക്കുമെന്ന വലിയ പ്രതീക്ഷയും ഞങ്ങൾക്കുണ്ട്…”
ടൂർണമെന്റിന്റെ ആവേശകരമായ സെമിഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് അർജന്റീനയും, ബ്രസീലിനെ തോൽപിച്ച് പോർച്ചുഗലും ഫൈനലിൽ എത്തി. കലാശപ്പോരാട്ടത്തിൽ പോർച്ചുഗലിനെ കീഴടക്കി അർജന്റീന കിരീടം ചൂടി.
പ്രശസ്ത മോഹൻ ബഗാൻ താരം ഉമർ മുക്താറാണ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ടൂർണമെന്റിലെ വിജയികൾക്കുള്ള ട്രോഫികൾ വാർഡ് മെമ്പർമാരായ സന്തോഷ് സെബാസ്റ്റ്യൻ, സുഹാസ് പി കെ, ഹൈസ്കൂൾ പ്രധാനാധ്യാപിക സിസി മാനുവൽ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ ആന്റപ്പൻ ചെറിയാൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു. കിരീടം അർജന്റീന കൊണ്ടുപോയെങ്കിലും കാണികളുടെ മനസ്സുനിറച്ചാണ് തോട്ടുമുക്കത്തിന്റെ ഇന്ത്യൻ പട ഗ്രൗണ്ട് വിട്ടത്.