
നിയന്ത്രണങ്ങൾ പിഴവില്ലാതെ തുടർന്നാൽ സെപ്തംബർ പകുതിയോടെ കേരളത്തിലെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങാമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷൻ ഡോക്ടർ ബി ഇക്ബാൽ.സർക്കാർ നടപടികളും കേരളത്തിലെ വ്യാപന പ്രവണതയും വിലയിരുത്തിയാണ് ഡോ ബി ഇക്ബാൽ വിവരം അറിയിച്ചത്. എന്നാൽ ആരോഗ്യമേഖലയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്. ഈ മാസം അവസാനത്തോടെ കേസുകൾ പാരമ്യത്തിലെത്തുന്നത് മുന്നിൽക്കണ്ട് നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് സർക്കാർ.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറച്ച്, പിടിച്ചു നിർത്താനാവുന്നു എന്നതിലാണ് സർക്കാര്‍ പ്രതീക്ഷ വെക്കുന്നത്. നേരത്തെ വിവിധ സമിതികൾ നൽകിയ മുന്നറിയിപ്പുകളനുസരിച്ചാണ് ഇതുവരെയുള്ള വ്യാപന വർധനവ്. അതേസമയം കുറഞ്ഞു തുടങ്ങുന്നതിന് മുന്നോടിയായി കേസുകൾ കുത്തനെ കൂടാൻ പോവുന്ന ഘട്ടമാണ് വരാനിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ആഗസ്ത് അവസാനത്തോടെ പ്രതിദിനം പതിനെട്ടായിരം കേസുകൾ വരെയാകാമെന്ന മുന്നറിയിപ്പുകൾ സർക്കാരിന് മുന്നിലുമുണ്ട്. വരുന്ന ആഴ്ച്ചകൾ അതിവനിർണായകം. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ച്ചക്കകം നിയന്ത്രിക്കണമെന്ന കർശന നിർദേശവുമായി പൊലീസിന് ചുമതലയേൽപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. സൈബർ സംവിധാനമടക്കം കുറ്റാന്വേഷണ സംവിധാനങ്ങൾ വരെ ഉപയോഗിച്ചാകും പൊലീസ് സമ്പർക്ക പട്ടികയടക്കം തയാറാക്കുക.