
News Desk
ഭർത്തൃഗൃഹത്തിൽ അടുക്കളയോടു ചേർന്ന ഭാഗത്ത് എസ്.ബി.ഐ. ഡെപ്യൂട്ടി മാനേജരായ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഉമയനല്ലൂർ പേരയം വൃന്ദാവനത്തിൽ വി.എസ്.ഗോപുവിന്റെ ഭാര്യ എസ്.എസ്.ശ്രീജ(32)യാണ് മരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്.ബി.ഐ.യിൽ ഡെപ്യൂട്ടി മാനേജരായിരുന്നു. തിരുവനന്തപുരം പൂജപ്പുര തമലം കൃഷ്ണഭവനിൽ ആർ.ശ്രീകണ്ഠന്റെയും സരസ്വതിയുടെയും മകളാണ്. അഞ്ചുവർഷംമുൻപായിരുന്നു വിവാഹം.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് വീട്ടിനുള്ളിൽ തൂങ്ങിനിൽക്കുന്നനിലയിൽ ശ്രീജയെ കണ്ടത്. ഉടൻതന്നെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭർത്താവ് ഗോപു ഏഴുമണിയോടെ പാൽ വാങ്ങാൻ പുറത്തു പോയിരുന്നതായാണ് പോലീസിനു നൽകിയ മൊഴി. മടങ്ങിയെത്തിയപ്പോഴാണ് വർക്ക് ഏരിയയിൽ തൂങ്ങിനിൽക്കുന്നനിലയിൽ കണ്ടത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗോപുവിന്റെ പ്രായംചെന്ന അച്ഛൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.