
NEWSDESK
കൊച്ചി: കോടതിയില്‍ നിന്നുള്ള സമന്‍സ് ഇനി ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി നല്‍കും. സമൂഹമാധ്യമ അക്കൗണ്ടും ഇമെയിലും വഴി സമന്‍സ് നല്‍കുന്നതിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എന്‍.എസ്.എസ്) വകുപ്പുകള്‍ പ്രകാരം ഔദ്യോഗികമാക്കാനുള്ള ചട്ടങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും നല്‍കി.
കേരള പ്രൊസീജ്യര്‍ ഫോര്‍ സര്‍വീസ് ഓഫ് സമന്‍സ് റൂള്‍സ് 2025 എന്നാണ് ചട്ടത്തിന്റെ പേര്. സമന്‍സ് ലഭിക്കേണ്ടയാളുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച ഒരു ഫോണ്‍ നമ്പര്‍ നിലവിലുണ്ടെങ്കില്‍ ഈ നമ്പര്‍ വഴി ലഭിക്കുന്ന ഏതു സമന്‍സും ഇനി മുതല്‍ ഔദ്യോഗികമാണ്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി നല്‍കുന്ന കോടതി സമന്‍സിന്റെ ഒരു പകര്‍പ്പ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ സമന്‍സ് റജിസ്റ്ററില്‍ ചട്ടം നാല് അനുസരിച്ചു സൂക്ഷിക്കണം. ഏതു മാര്‍ഗത്തിലൂടെയാണു സമന്‍സ് നല്‍കിയതെന്നും ഇതില്‍ രേഖപ്പെടുത്തണം. ഇതോടെ സമന്‍സ് നല്‍കാനുള്ള പൊലീസിന്റെ ഉത്തരവാദിത്തം പൂര്‍ണമാവും.
ഇത്തരത്തില്‍ ലഭിക്കുന്ന സമന്‍സ് അനുസരിച്ചു കോടതിയില്‍ ഹാജരാകുന്നതു കക്ഷിയുടെ ഉത്തരവാദിത്തമാണ്. സ്വന്തമായി ഫോണ്‍ നമ്പറോ വാട്‌സാപ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകളോ ഇമെയില്‍ അഡ്രസോ ഇല്ലാത്തവര്‍ക്കു മാത്രം തുടര്‍ന്നും പേപ്പര്‍ സമന്‍സ് ലഭിക്കും.
ഇലക്ട്രോണിക് മാധ്യമം വഴി സമന്‍സ് ലഭിച്ചാലും പേപ്പര്‍ സമന്‍സ് ലഭിച്ചാല്‍ മാത്രം കോടതിയില്‍ ഹാജരായാല്‍ മതിയെന്ന നിലപാടു സ്വീകരിക്കാന്‍ ഇനി കക്ഷികള്‍ക്കും കഴിയില്ല. സമന്‍സ് ലഭിച്ചതിന്റെ കൈപ്പറ്റ് രസീത് കോടതി ആവശ്യപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഹാജരാക്കണം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സമന്‍സ് നല്‍കിയതിന്റെ സ്‌ക്രീന്‍ ഷോട്ടിനും കൈപ്പറ്റ് രസീതിന്റെ തെളിവുമൂല്യമുണ്ട്. കോടതിയില്‍ നിന്നു നല്‍കുന്ന സമന്‍സില്‍ സീലും ഡിജിറ്റല്‍ സിഗ്‌നേച്ചറും ബന്ധപ്പെട്ട കോടതി ഉദ്യോഗസ്ഥനും ഉറപ്പാക്കണം. ഇതോടെ സമന്‍സ് ലഭിക്കാത്തതു മൂലം കക്ഷിക്കെതിരെ വാറന്റും അറസ്റ്റുമുണ്ടാവുന്ന ബുദ്ധിമുട്ടുകളും വിചാരണ നടപടികള്‍ക്കുണ്ടാവുന്ന അനാവശ്യ കാലതാമസവും പൂര്‍ണമായി ഒഴിവാകും.