
NEWSDESK
കോഴിക്കോട് ∙ പനി, മഞ്ഞപ്പിത്തം, ശ്വാസംമുട്ടൽ, ഡെങ്കിപ്പനി, പക്ഷാഘാതം തുടങ്ങിയവ ബാധിച്ചെത്തുന്ന രോഗികളുടെ എണ്ണം വർധിച്ചതോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വാർഡിൽ കിടക്കാൻ സ്ഥലമില്ലാത്ത അവസ്ഥ. വാർഡുകളുടെ വരാന്തയിലെ തറയിൽ പായ വിരിച്ചാണ് രോഗികൾ കിടക്കുന്നത്. ഇതേത്തുടർന്ന് വരാന്തയിലെ വഴി മുടങ്ങിയതോടെ മറ്റു രോഗികളും കൂട്ടിരിപ്പുകാരും കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുകയാണ്. അത്യാഹിത വിഭാഗം തിരിച്ച് എംസിഎച്ചിലെ പഴയ കാഷ്വൽറ്റിയിലേക്കു മാറ്റിയതോടെ, തറയിൽ കിടന്നിരുന്ന രോഗികൾക്ക് ആശ്വാസമായിരുന്ന ഇടവും നഷ്ടമായി. ഇതോടെയാണ് വാർഡിലെ തിരക്കു കൂടിയത്. അതേസമയം കാഷ്വൽറ്റിയിലെ തിരക്കും വളരെയധികം വർധിച്ചിട്ടുണ്ട്. അപകടത്തിൽ പെട്ടും മറ്റും അത്യാസന്നനിലയിൽ കാഷ്വൽറ്റിയിലെത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കും നിന്നുതിരിയാൻ സ്ഥലമില്ലാത്ത സ്ഥിതിയാണിവിടെ. നിത്യേന അറുനൂറിലേറെ രോഗികളാണ് ചികിത്സ തേടിയെത്തുന്നത്.
കാലവർഷമെത്തുന്നതോടെ വിവിധ പകർച്ചവ്യാധികൾ വർധിക്കും. ഇപ്പോൾ ഇടയ്ക്കിടെ പെയ്യുന്ന മഴ കാരണം ഈഡിസ് കൊതുക് പെരുകാനിടയാകുന്നതിനാൽ ഡെങ്കിപ്പനിക്കുള്ള സാധ്യതയും ഏറെയാണ്. വാർഡുകൾ അണുവിമുക്തമാക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങൾ കണ്ടെത്തി നശിപ്പിക്കണം. മഴക്കാല പൂർവ ശുചീകരണവും ബോധവൽക്കരണവും അടിയന്തരമായി നടപ്പിലാക്കണമെന്ന് മെഡിസിൻ വിഭാഗം മേധാവി പറഞ്ഞു.പിഎംഎസ്എസ്‌വൈ ബ്ലോക്കിലെ 2 തീപിടിത്തത്തിനു ശേഷം രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ആശുപത്രി കെട്ടിടം പൂർവസ്ഥിതിയിലെത്തുന്നതിൽ അനിശ്ചിതത്വം തുടരുമ്പോൾ രോഗികളാണ് ഏറെ ദുരിതം നേരിടുന്നത്.
ആധുനിക സൗകര്യമുള്ള സർജിക്കൽ സൂപ്പർ സ്‌പെഷ്യൽറ്റി ആക്‌സിഡന്റ് ആൻഡ് എമർജൻസി തുറന്നതോടെ ലഭിച്ച ആശ്വാസമാണ് രോഗികൾക്ക് പെട്ടെന്നു നഷ്ടമായത്. കഴിഞ്ഞ രണ്ടിനും അഞ്ചിനുമാണ് പിഎംഎസ്എസ്‌വൈ ബ്ലോക്കിൽ പൊട്ടിത്തെറിയും തീപ്പിടിത്തവും ഉണ്ടായത്. രണ്ടിന് അത്യാഹിത വിഭാഗത്തിൽ എംആർഐ സ്‌കാറിന്റെ യുപിഎസ് മുറിയിൽ ബാറ്ററിയിൽ നിന്ന് പെട്ടിത്തെറിയും തീപിടിത്തവും അഞ്ചിന് കാർഡിയോ തൊറാസിക് ശസ്ത്രക്രിയ തിയറ്ററിൽ തീപിടിത്തം ഉണ്ടായി ഉപകരണങ്ങൾ കത്തി നശിച്ച് ഒന്നര കോടിയോളം രൂപയുടെ നാശനഷ്ടമാണുണ്ടായത്.