
newsdesk
മലപ്പുറം ∙ കാളികാവിൽ കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു. ചോക്കാട് കല്ലാമുല സ്വദേശി ഗഫൂര്‍ (39) ആണ് മരിച്ചത്. ഇന്നു പുലർച്ചെ അടക്കാക്കുണ്ട് റാവുത്തൻ കാട്ടിൽ സ്വകാര്യ സ്ഥലത്താണ് സംഭവം. ഗഫൂറിനെ കടുവ കടിച്ചു കൊണ്ടുപോവുന്നതു കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളി സമദാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്നു നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സമദും ഗഫൂറിനൊപ്പം തോട്ടത്തിലുണ്ടായിരുന്നു. ഇരുവരെയും കടുവ ആക്രമിക്കാൻ ഓടിയടുത്തു. ഗഫൂറിനെ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടു പോയതായാണ് പറയുന്നത്. വനാതിർത്തിയിൽനിന്ന് രണ്ടു കിലോമീറ്റർ ദൂരെയാണ് സംഭവം നടന്നത്. ഗതാഗത സൗകര്യങ്ങൾ കുറവുള്ളതിനാൽ നടന്നാണ് വനപാലകരും പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയത്. നേരത്തെ മുതല്‍ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും വളര്‍ത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും പലതവണ വിവരം അറിയിച്ചിട്ടും പുലിയെ പിടികൂടാൻ നടപടി ഉണ്ടായിട്ടില്ലെന്നു പരാതിയുണ്ട്.
അതേസമയം, കളികാവിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്. ഗഫൂറിന്റെ മൃതദേഹം കൊണ്ടുപോകുന്നതിനു മുൻപ് കടുവയെ പിടിക്കുന്ന കാര്യത്തിലും ഇനി കടുവ ശല്യം ഉണ്ടാകില്ല എന്ന കാര്യത്തിലും തീരുമാനമുണ്ടാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുച്ഛമായ നഷ്ടപരിഹാരത്തിലൂടെ പ്രശ്നം അവസാനിപ്പിക്കാമെന്ന് കരുതേണ്ടെന്നും നാട്ടുകാർ പറഞ്ഞു. സ്ഥലത്തെത്തിയ ഡിഎഫ്ഒയെ പ്രതിഷേധക്കാർ തടഞ്ഞു.
മയക്കുവെടി വച്ച് കടുവയെ പിടിക്കാമെന്നും പാലക്കാട്ടുനിന്ന് കുങ്കിയാനയെ എത്തിക്കാമെന്നും അധികൃതർ പറഞ്ഞെങ്കിലും കടുവയെ എത്രയും പെട്ടെന്ന് കണ്ടെത്തി വെടിവച്ചു കൊല്ലണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. സർക്കാർ തലത്തിൽ ഉറപ്പു നൽകിയെങ്കിൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കുകയുള്ളൂവെന്നും നാട്ടുകാർ അറിയിച്ചു.