വേടന്റെ പോസ്റ്റ് ലൈക്ക് അടിച്ചതില്‍ ക്ഷമ ചോദിച്ച് പാര്‍വതി

News Desk

മലയാളം റാപ്പര്‍ വേടന്റെ മാപ്പ് പറച്ചില്‍ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ ലൈക്കടിച്ചതില്‍ ക്ഷമ ചോദിച്ച് നടി പാര്‍വതി. തന്റെ നടപടി അതിജീവിച്ചവരെ നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും പാര്‍വതി പറഞ്ഞു. പൊതുവെ ആണുങ്ങള്‍ തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കാറില്ല എന്ന ചിന്തയോടെയാണ് താന്‍ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തതെന്നും അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും പാര്‍വതി വ്യക്തമാക്കി. കേസുമായി മുന്നോട്ട് പോകുമ്പോള്‍ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്ന് താന്‍ വിശ്വസിക്കുന്നെന്നും പാര്‍വതി പറഞ്ഞു.

വേടന്റെ ക്ഷമാപണം ആത്മാര്‍ത്ഥമല്ലെന്ന് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കുറച്ചുപേര്‍ പറഞ്ഞതായി അറിഞ്ഞയുടനെ തന്റെ ‘ലൈക്ക്’ നീക്കം ചെയ്‌തെന്നും പാര്‍വതി പറഞ്ഞു. താന്‍ തിരുത്തുന്നു. എങ്ങനെ ക്ഷമിക്കണമെന്നും എങ്ങിനെ അതിജീവിക്കണമെന്നും എല്ലായ്‌പ്പോഴും അതിജീവിക്കുന്നയാളുടെ അവകാശമാണ്, താന്‍ എന്നും അവരുടെ കൂടെ നില്‍ക്കുമെന്നും പാര്‍വതി പറഞ്ഞു.

സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്ത സംഭവത്തില്‍ മാപ്പു പറഞ്ഞുകൊണ്ടുള്ള വേടന്റെ (ഹിരണ്‍ ദാസ് മുരളി) പോസ്റ്റില്‍ ലൈക്ക് അടിച്ചതില്‍ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ത്രീപക്ഷവാദ രാഷ്ട്രീയം ഏറ്റവും നന്നായി അറിയാവുന്ന ഒരു വ്യക്തി തന്നെ ഇത്തരമൊരു പോസ്റ്റില്‍ ലൈക്ക് അടിച്ചെന്നാണ് വിമര്‍ശകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വേടന്റെ പോസ്റ്റില്‍ ചെയ്ത ലൈക്ക് പാര്‍വതി പിന്‍വലിച്ചു.

കഴിഞ്ഞ ദിവസമാണ് വേടന്‍ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. ‘എന്നെ സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്.ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സ്ത്രീകള്‍ക്കത് മോശം അനുഭവങ്ങളുടെ തുടര്‍ച്ചയായതിലും ഇന്നു ഞാന്‍ ഒരുപാട് ഖേദിക്കുന്നു.എന്റെ നേര്‍ക്കുള്ള നിങ്ങളുടെ എല്ലാ വിമര്‍ശനങ്ങളും ഞാന്‍ താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു,’ എന്നായിരുന്നു വേടന്‍ ഇന്‍സ്റ്റഗ്രാമിലെഴുതിയിരുന്നത്.

error: Content is protected !!