പാപ്പനംകോട്ടെ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിലെ തീപിടിത്തം കൊലപാതകം; വൈഷ്ണയെ സുഹൃത്ത് കുത്തിയതിനുശേഷം തീകൊളുത്തിയതാകാമെന്ന് പൊലീസ്

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സ്ഥാപനത്തിലെ ജീവനക്കാരി പാപ്പനംകോട് ദിക്കുബലിക്കളം റോഡ് മഠത്തിൽകോവിലിന് സമീപം ശിവപ്രസാദം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വൈഷ്‌ണയും (34) ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പുരുഷന്റെ മൃതദേഹം ബിനുവിന്റേതാണെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ബിനുവാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വൈഷ്‌ണയെ കുത്തിവീഴ്‌ത്തിയതിനുശേഷം തീകൊളുത്തുകയായിരുന്നുവെന്നും സംശയമുണ്ട്. തീപിടിച്ച മുറിയിൽ നിന്ന് ഒരു കത്തി കണ്ടെത്തിയിരുന്നു. വൈഷ്‌ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞതിനുശേഷം ബിനുവിനൊപ്പം താമസിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഏഴുമാസമായി വൈഷ്‌ണയും ബിനുവും അകന്ന് കഴിയുകയായിരുന്നു.

നാല് മാസം മുൻപും പാപ്പനംകോട്ടെ ഇൻഷുറൻസ് സ്ഥാപനത്തിൽവച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയ‍ർഫോഴ്സ് എത്തിയാണ് പൂർണമായി അണച്ചത്.എ.സി പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടിത്തതിന് കാരണമെന്നാണ് പൊലീസ് ആദ്യം കരുതിയതെങ്കിലും പരിശോധനയിൽ അതല്ലെന്ന് വ്യക്തമായി. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ ഉൾപ്പെടെ എത്തി പരിശോധന നടത്തിയിരുന്നു. പതിനഞ്ച് വർഷം മുൻപ് ആരംഭിച്ച സ്ഥാപനത്തിൽ ഏഴുവർഷം മുമ്പാണ് വൈഷ്ണ ജോലിക്കെത്തിയത്. വേണുഗോപാലൻ നായർ, സുധാകല ദമ്പതികളുടെ മകളാണ്. മക്കൾ: ദേവദേവൻ, വർഷ. സഹോദരൻ: വിഷ്ണു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!