
newsdesk
കുന്ദമംഗലം: മഴകനക്കുമ്പോഴുണ്ടാകുന്ന കുന്ദമംഗലം മുക്കം റോഡിലെ വെള്ളക്കെട്ടിന് ഉടനടി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുന്ദമംഗലം യൂനിറ്റ് കമ്മറ്റി അസി.എൻഞ്ചിനീയർക്ക് നിവേദനം നൽകി. മഴക്കാലത്തിന് മുൻപ് ഓടയിൽ കുമിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യാത്തതിനാൽ ചെറിയ മഴ പെയ്യുമ്പോഴേക്കും റോഡിൽ വെള്ളം കെട്ടി നിൽക്കുകയാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളമെത്തി സാധനങ്ങൾ നശിക്കുന്നതും കാൽനടക്കാരുടെ ദേഹത്തേക്ക് ചെളി വെള്ളം തെറിക്കുന്നതും പതിവാണ്. റോഡിലെ വെള്ളക്കെട്ട് കാരണം സമീപത്തെ പൊതുവിതരണ കേന്ദ്രത്തിലേക്കും മത്സ്യ മാർക്കറ്റിലേക്കും കടകളിലേക്കും ജനങ്ങൾ വരാൻ മടിക്കുകയാണ്.
രാത്രികാലങ്ങളിൽ സ്ഥല പരിചയമില്ലാതെയെത്തുന്ന ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെടുന്നതും വർദ്ധിച്ചിട്ടുണ്ട്. ഒരുഭാഗത്ത് മാത്രമാണ് ഇവിടെ അഴുക്ക്ചാൽ ഉള്ളത്. ഇതു കൊണ്ട് തന്നെ റോഡിലൂടെയാണ് വെള്ളം ഒഴുകി പോകുന്നത്. പൊതു ജനങ്ങൾക്കും വാഹനങ്ങൾക്കും ഏറെ ദുരിതമായ വെള്ളക്കെട്ടിന് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം വേണം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം ബാബു മോൻ, എൻ വിനോദ്കുമാർ,പി സുമോദ്, സുനിൽകണ്ണോറ, ടി.വി ഹാരിസ് എന്നിവർ നേതൃത്വം നൽകി.