
newsdesk
കൊടുവള്ളി∙ കൈതപ്പൊയിലിൽ നിന്നു മോഷ്ടിച്ച വാഹനവുമായി കടന്ന യുവാവിനെ കൊടുവള്ളിയിൽ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപിച്ചു. വയനാട്ടിൽ നിന്നു കൈതപ്പൊയിലിൽ എത്തിയ മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുനീബ് (32) ആണ് പിടിയിലായത്. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ്. ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം. കൈതപ്പൊയിൽ അങ്ങാടിയിൽ റോഡരികിൽ വാഹനം നിർത്തിയിട്ട വാഹനമെടുത്താണ് പ്രതി കടന്നത്. വാഹനത്തിൽ സഞ്ചരിച്ചിരുന്ന കുടുംബം സമീപത്തെ തുണിക്കടയിൽ കയറിയിരുന്നു.
വാഹന ഉടമ താക്കോൽ എടുക്കാതെ തൊട്ടടുത്ത് ഫോൺ ചെയ്ത് നിൽക്കുകയായിരുന്നു. അടിവാരം നൂറാംതോട് സ്വദേശി തൗഫീക്കിന്റെ കാറാണ് മോഷ്ടിച്ചത്. ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് ഈങ്ങാപ്പുഴയിലും താമരശ്ശേരിയിലും ആളുകൾ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ വാഹനം ഒട്ടേറെ വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. പരപ്പൻപൊയിൽ സ്വദേശി മുഷ്താഖിന്റെ സ്കൂട്ടറിലും താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി നജീബിന്റെ സ്കൂട്ടറിലും കൊടുവള്ളി സ്വദേശിയുടെ കാറിലും വാഹനം ഇടിച്ചതായി പരാതിയുണ്ട്.