
newsdesk
കാരശ്ശേരി: കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളും അവിടുത്തെ എം.എൽ.എമാരെയും വെറും ഒറ്റ ദിവസം കൊണ്ട് മനഃപാഠമാക്കി വിസ്മയിപ്പിച്ച പത്തു വയസ്സുകാരൻ മുഹമ്മദ് തസീമിന് ഇപ്പോൾ ഇരട്ടി മധുരം. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജനപ്രതിനിധിയായ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മനെ നേരിൽ കാണണമെന്ന തസീമിന്റെ ആഗ്രഹം വാർത്തയായതോടെ, സാക്ഷാൽ ചാണ്ടി ഉമ്മൻ തന്നെ തസീമിന് വീഡിയോയിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ്.
കാരശ്ശേരി ഗോതമ്പ് റോഡ് സ്വദേശിയായ മുഹമ്മദ് തസീം വെറും 24 മണിക്കൂർ കൊണ്ടാണ് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം പഠിച്ചെടുത്തത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഏത് മണ്ഡലം ചോദിച്ചാലും അവിടുത്തെ എം.എൽ.എയുടെ പേര് തസീമിന്റെ നാവിലുണ്ടാകും. തിരിച്ചാണെങ്കിലും ഉത്തരം റെഡി! രാഷ്ട്രീയ കാര്യങ്ങളിൽ അതീവ താല്പര്യമുള്ള ഈ മിടുക്കൻ തന്റെ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മാധ്യമ പ്രവർത്തകൻ റഫീഖ് തോട്ടുമുക്കം ചെയ്ത തസീമിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട ചാണ്ടി ഉമ്മൻ എം.എൽ.എ, വീഡിയോ സന്ദേശത്തിലൂടെ തന്നെ ഈ കൊച്ചു മിടുക്കനെ അഭിനന്ദിക്കുകയും മറുപടി നൽകുകയും ചെയ്തത് തസീമിനും കുടുംബത്തിനും വലിയ സന്തോഷമായിരിക്കുകയാണ്.തന്റെ പ്രിയപ്പെട്ട നേതാവിൽ നിന്ന് ഇങ്ങനെയൊരു മറുപടി തസീം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
അസാമാന്യ ഓർമ്മശക്തിയും വേഗത്തിലുള്ള ഉത്തരങ്ങളും കൊണ്ട് ഇതിനോടകം തന്നെ നാടിന്റെ താരമായി മാറിയിരിക്കുകയാണ് ഈ പത്തു വയസ്സുകാരൻ. പഠനത്തിലും മറ്റു കാര്യങ്ങളിലും ഒരുപോലെ മികവ് പുലർത്തുന്ന തസീമിനെ അഭിനന്ദിക്കാനും ഈ അത്ഭുത പ്രതിഭയെ നേരിൽ കാണാനും നിരവധി പേരാണ് ഗോതമ്പ് റോഡിലെ വീട്ടിലെത്തുന്നത്. ചാണ്ടി ഉമ്മന്റെ മറുപടി കൂടി വന്നതോടെ തസീമിന്റെ സ്വപ്നങ്ങൾക്കും നേട്ടങ്ങൾക്കും പുതിയൊരു തിളക്കം കൂടി കൈവന്നിരിക്കുകയാണ്.