
Web Desk
ജോലി വാഗ്ദാനത്തില്‍ അജ്മാനിലെത്തി അനാശാസ്യ കേന്ദ്രത്തില്‍ കുടുങ്ങിയ മലയാളിയുവതിയെ സാമൂഹികപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കൊട്ടാരക്കര സ്വദേശിയായ യുവതിയെയാണ് സാമൂഹികപ്രവര്‍ത്തകര്‍ തിങ്കളാഴ്ച രാത്രിയോടെ രക്ഷിച്ചത്. രണ്ടുദിവസത്തിനുള്ളില്‍ യുവതിയെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം നടക്കുകയാണ്. എന്നാല്‍ യുവതിയുടെ പാസ്‌പോര്‍ട്ട് തിരികെ കിട്ടാനുള്ള കാലതാമസമാണ് യാത്ര വൈകിപ്പിക്കുന്നത്. പാസ്‌പോര്‍ട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഏല്‍പ്പിക്കാമെന്നാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ പറഞ്ഞതെന്ന് സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു.
ഒരാഴ്ചമുന്‍പാണ് യുവതി നാട്ടില്‍നിന്ന് യു.എ.ഇ.യില്‍ എത്തിയത്. വിവാഹം കഴിഞ്ഞ് രണ്ട് മാസമേ ആയിരുന്നുള്ളൂ. പഠിച്ചത് ആയുര്‍വേദ നഴ്സിങ് ആയിരുന്നതുകൊണ്ട് തെറാപ്പിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്തത്. നാട്ടിലെ ഒരു പ്രധാന ആയുര്‍വേദകേന്ദ്രത്തിന്റെ പേര് കേട്ടതുകൊണ്ടാണ് വന്നതെന്നും എത്തിയതിനുശേഷമാണ് ചതി തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു.
മാസം 30,000 രൂപ യുവതിക്ക് ശമ്പളം നല്‍കുമെന്നും തുടക്കത്തില്‍ ‘കമ്പനി’ പറഞ്ഞിരുന്നു. നാട്ടില്‍നിന്ന് വരാനായി 15,000 രൂപ വിമാനടിക്കറ്റിന് ചെലവായി. ഫോണ്‍ ചെയ്യാനോ പുറത്തുപോകാനോ അനുവാദമുണ്ടായിരുന്നില്ല. ആഹാരം ഹോട്ടലില്‍നിന്ന് പണം കൊടുത്തുവാങ്ങി കഴിക്കണം. വരുന്ന ആളുകളുടെയടക്കം മര്‍ദനവും ഒരാഴ്ചകൊണ്ട് സഹിക്കേണ്ടിവന്നിട്ടുണ്ട്. വിമാനത്താവളത്തില്‍നിന്ന് നടത്തിപ്പ് ചുമതലയുള്ള ഒരുസ്ത്രീയാണ് കൂട്ടിക്കൊണ്ടുവന്നതെന്നും യുവതി പറഞ്ഞു.
കേരളത്തിലെ ഒരു ആയുര്‍വേദകേന്ദ്രത്തിന്റെ വ്യാജപേരില്‍ നാട്ടില്‍നിന്ന് യുവതികളെ കൊണ്ടുവന്ന് അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നതായാണ് വിവരം. അജ്മാനിലെ ഫ്‌ളാറ്റില്‍ ഇത്തരത്തില്‍ മൂന്നുമലയാളി യുവതികളടക്കം നാലുപേര്‍കൂടി കുടുങ്ങിയിരിക്കുകയാണെന്നും അവരേയും നാട്ടിലെത്തിക്കാനുള്ള ശ്രമം ഇന്ത്യന്‍ അസോസിയേഷന്റെ സഹകരണത്തോടെ തുടരുമെന്നും സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു.