
NEWSDESK
വടകര ∙ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ മുൻ മാനേജർ നടത്തിയ സ്വർണപ്പണയ തട്ടിപ്പ് പുറത്തായതിനെ തുടർന്ന് ഇടപാടുകാർ പരിഭ്രാന്തിയിൽ. തങ്ങൾ പണയപ്പെടുത്തിയ സ്വർണ ഉരുപ്പടികൾ കാണിച്ചു തരണമെന്നാവശ്യപ്പെട്ട് ഇടപാടുകാർ ബാങ്കിലെത്തിത്തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഒട്ടേറെ പേരാണ് ബാങ്കിലെത്തിയത്. ഇന്നലെ പരിശോധിച്ചവരിൽ ആരുടെയും സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്നും വ്യക്തമായി. ചിലർ പണം അടച്ച് സ്വർണം തിരികെ വാങ്ങി. 47 ഇടപാടുകളിലായി 25 കിലോഗ്രാമിൽ അധികം സ്വർണം പണയം വച്ചത് വൻ ശൃംഖലയിൽപ്പെട്ടവർ ആണോ എന്ന രീതിയിലും അന്വേഷണം നടക്കുന്നുണ്ട്.
വിവിധ ആളുകളുടെ പേരിൽ പണയം വയ്ക്കാൻ ഇത്തരം സംഘങ്ങൾക്ക് മുൻ മാനേജർ സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടാകുമെന്ന സംശയമാണ് ബലപ്പെടുന്നത്. ചില പ്രദേശങ്ങളിലെ സ്വകാര്യ സ്വർണപ്പണയ ഇടപാടുകാർ ഈ രീതിയിൽ ചില ബാങ്കുകളിൽ മറിച്ചു പണയം വയ്ക്കുന്ന പതിവുണ്ടത്രെ. 3 വർഷമായി മുക്ക് പണ്ടം പകരം വച്ചുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. അപ്പോഴും വ്യക്തിഗത സ്വർണ വായ്പയ്ക്ക് പണയം വച്ച സാധാരണക്കാരായ ആരും ഇതു വരെ പരാതിയുമായി വന്നിട്ടില്ല. എടോടിയിൽ ബാങ്ക് ശാഖ തുടങ്ങിയ കാലം മുതൽ മധാ ജയകുമാർ തന്നെയായിരുന്നു മാനേജർ. ബാങ്കുമായി ബന്ധപ്പെട്ട വായ്പകൾ ശരിയാക്കാൻ ഒട്ടേറെ പേർ പുറത്ത് പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
ഇവരിൽ ചിലരെ ഇന്നലെ മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. ബാങ്കിൽ വായ്പകൾ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിച്ചത്. ഇതിന് നിശ്ചിത ചാർജും വാങ്ങിയതായി പറയുന്നു. വായ്പയ്ക്ക് വേണ്ടി ശാഖയിൽ കയറിയിറങ്ങിയ ചിലർക്ക് വായ്പ കിട്ടിയില്ലെന്നും പരാതിയുണ്ട്. പുറത്തുള്ളവർ പറയുന്ന നിശ്ചിത ചാർജ് നൽകാത്തവർക്കാണ് ഈ അനുഭവം. വായ്പകൾക്ക് വരുന്നവരെ സ്വർണ വായ്പ എടുക്കാൻ മുൻ മാനേജർ പ്രോത്സാഹിപ്പിച്ചിരുന്നതായി ചില ഇടപാടുകാർ പറയുന്നുണ്ട്.