
Web Desk
ഭീമ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി മരണപ്പെട്ട സംഭവത്തില്‍ ന്യായീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. സ്റ്റാന്‍ സ്വാമി മരണത്തില്‍ കേന്ദ്രത്തിനെതിരെ അന്താരാഷ്ട്ര തലങ്ങളില്‍ നിന്നുവരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ ന്യായീകരണവുമായി എത്തിയിരിക്കുന്നത്.സ്റ്റാന്‍ സ്വാമിക്ക് അവകാശങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും നിയമങ്ങള്‍ ലംഘിച്ചതിനാണ് സ്റ്റാന്‍ സ്വാമിക്കെതിരെ നടപടി സ്വീകരിച്ചതെന്നുമാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
നിയമനടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് എന്‍.ഐ.എ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹം നടത്തിയ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇന്ത്യയിലെ ഭരണകേന്ദ്രങ്ങള്‍ നിയമലംഘനത്തിനെതിരെയാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്, അല്ലാതെ അവകാശങ്ങള്‍ ഹനിക്കുകയല്ല ചെയ്തിരിക്കുന്നത്. കേസില്‍ ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളും നിയമവിധേയമാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമുള്ള കൃത്യമായ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നെന്നും അരിന്ദം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യപരവും ഭരണഘടനാപരവുമായ വ്യവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന നിയമവ്യവസ്ഥയും ഇതിനെ നിരീക്ഷിക്കുന്ന മനുഷ്യവകാശ കമ്മിഷനടക്കമുള്ള സ്ഥാപനങ്ങളുണ്ടെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും അഭിപ്രായം തുറന്നുപറയുന്ന പൗരസമൂഹവും ഇവിടെയുണ്ട്. രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.