
newsdesk
കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായി സംശയിക്കുന്നു. പട്രോളിംഗിനിടെ പൊലീസിന് നേരെ മാവോയിസ്റ്റ് സംഘം വെടിവയ്ക്കുകയായിരുന്നു. പിന്നാലെ പൊലീസും തിരിച്ച് വെടിവച്ചു. സ്ഥലത്ത് നിന്ന് മൂന്ന് തോക്കുകൾ കണ്ടെടുത്തിട്ടുണ്ട്. അയ്യൻകുന്ന് ഉരുപ്പുകുറ്റി വനത്തിന് സമീപമായിരുന്നു വെടിവയ്പ്പ്.
വനമേഖലയിൽ നിന്ന് വലിയ ശബ്ദത്തിൽ വെടിയൊച്ച കേട്ടതായി നാട്ടുകാർ പറയുന്നു. പത്ത് മിനിറ്റോളം വെടിയൊച്ച നീണ്ടുനിന്നു. സംഭവത്തിന് പിന്നാലെ കൂടുതൽ പൊലീസ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പൊലീസ് നടത്തിയ പരിശോധനയിൽ വെടിവയ്പ്പ് നടന്ന സ്ഥലത്ത് വച്ച് മൂന്ന് തോക്കുകൾ കണ്ടെടുത്തിട്ടുണ്ട്. ഈ സ്ഥലത്ത് മാവോയിസ്റ്റ് സംഘം ക്യാമ്പുകൾ സംഘടിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു. വെടിവയ്പ്പിൽ പൊലീസിന് പരിക്കേറ്റിട്ടില്ല. സ്ഥലത്ത് രക്തതുള്ളികൾ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് മാവോയിസ്റ്റുകൾക്ക് പരിക്കേറ്റതായി സംശയിക്കുന്നത്.