
newsdesk
തിരുവനന്തപുരം: ആശുപത്രിയിലെത്താതെ മിനിറ്റുകൾക്കുള്ളിൽ രോഗനിർണയം നടത്താനാവുന്ന ഡിജിറ്റൽ കിയോസ്ക്കുമായി മലയാളിയുടെ സ്റ്റാർട്ടപ്പ്. വെർസിക്കിൾ ടെക്‌നോളജീസ് പ്രോഗ്‌നോസിസ് എന്നാണ് ഈ ഉപകരണത്തിന്റെ പേര്. വിവിധ ഭാഷകളിൽ പ്രവർത്തിക്കും. ടച്ച് സ്‌ക്രീനിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് നൽകുന്ന വിവരങ്ങൾ കിയോസ്‌ക്കിലെ സംവിധാനം നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്യും.
രക്തസമ്മർദ്ദം, ഹൃദയാരോഗ്യം (ഇ.സി.ജി), ശരീരഭാരം എന്നിവ അറിയാം. ചാറ്റ് ബോട്ടിന്റെ നിർദ്ദേശത്തിനനുസരിച്ചാണ് രോഗിയുടെ വിവരങ്ങൾ ശേഖരിക്കുന്നത്. രോഗിക്ക് ഇരിക്കാനുള്ള സംവിധാനവുമുണ്ട്. വെർസിക്കിൾസിന്റെ വെൻഡ് എൻ ഗോ തിരുവനന്തപുരം ലുലു മാളിലും മുംബയ് ആർ.സി.ടി മാളിലും സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് ടെക്‌നോപാർക്ക് ഫേസ് ഒന്നിൽ പ്രോഗ്‌നോസിസ് സ്ഥാപിക്കും.ഒരു മിനിറ്റിനുള്ളിൽ രോഗനിർണയം നടത്താം. അപകടസാദ്ധ്യതയുണ്ടെങ്കിൽ രോഗിക്ക് മുന്നറിയിപ്പും നൽകും. ടെലിഹെൽത്ത് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഡോക്ടറെ കാണാതെ മരുന്നും വൈദ്യോപദേശവും ലഭിക്കും. ലഭിക്കുന്ന ഡാറ്റ, ക്ലൗഡ് അധിഷ്ഠിതമായ നിർമ്മിത ബുദ്ധി എൻജിനിലേക്കാണ് എത്തുന്നത്. സംവിധാനം ആശുപത്രികളിൽ ഏറെ ഉപയോഗപ്രദമാണെന്ന് വെർസിക്കിൾസ് സി.ഇ.ഒ മനോജ് ദത്തൻ പറഞ്ഞു.