
newsdesk
പാലക്കാട്: നെന്മാറ ഇരട്ടക്കൊലയിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ്. എലവഞ്ചേരി അഗ്രോ എക്യുപ്‌സ് എന്ന സ്ഥാപനത്തിലെത്തിച്ചാണ് ചെന്താമരയുമായി ഇന്ന് തെളിവെടുപ്പ് നടത്തിയത്. പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സുധാകരൻ (56), അമ്മ ലക്ഷ്മി (78) എന്നിവരെയാണ് ചെന്താമര ക്രൂരമായി കൊന്നത്. വ്യക്തി വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം. ഇവരെ കൊലപ്പെടുത്താനുപയോഗിച്ച കത്തി വാങ്ങിയത് എലവഞ്ചേരി അഗ്രോ എക്യുപ്‌സിൽ നിന്നാണെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ചെന്താമര കാട് വെട്ടുന്നതിനായി എലവഞ്ചേരിയിലെ മറ്റൊരു കടയിൽ നിന്നും കത്തി വാങ്ങിയിരുന്നു. ഇവിടെയെത്തിച്ചും തെളിവെടുപ്പ് നടത്തി. കടയുടമ പ്രതിയെ തിരിച്ചറിഞ്ഞു. 30ഓളം പൊലീസുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു തെളിവെടുപ്പ്.അതേസമയം, മകളെ ഒരുപാട് ഇഷ്ടമാണെന്ന് തെളിവെടുപ്പിനിടെ ചെന്താമര പൊലീസിനോട് വെളിപ്പെടുത്തി. തന്റെ വീട് മകൾക്ക് നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രതി പൊലീസിനോട് ആവശ്യപ്പെട്ടു.
അതിനിടെ താൻ മറ്റൊരാളെക്കൂടി കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായും ചെന്താമര പൊലീസിനോട് പറഞ്ഞു. അയൽവാസിയായ പുഷ്‌പയാണ് തന്റെ കുടുംബം തകരാൻ പ്രധാന കാരണം. എന്നാൽ പുഷ്‌പ രക്ഷപ്പെട്ടെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.തെളിവെടുപ്പിനിടെ പ്രതി ചെന്താമര തന്നെ വകവരുത്തുമെന്ന രീതിയിൽ ആംഗ്യം കാട്ടിയെന്ന് പുഷ്പ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. അയാളെ കണ്ടപ്പോൾതന്നെ കൈയും കാലും വിറച്ചു. ഒരു പഴുത് കിട്ടിയിരുന്നെങ്കിൽ അയാൾ തന്നെയും തീർത്തേനെ. അയാൾക്ക് ഒരു കുറ്റബോധവുമില്ല. ഇപ്പോൾ ഇവിടെ താമസിക്കാൻ ഭയമാണ്. മാറിത്താമസിക്കാനാണ് ആലോചിക്കുന്നത്. ഇവിടെ വെറുത്തുപോയെന്നും പുഷ്പ പറഞ്ഞിരുന്നു.ഇന്ന് വൈകിട്ട് മൂന്നുമണിവരെയാണ് ചെന്താമരയെ കസ്റ്റഡിയിൽ വയ്ക്കാനുള്ള സമയപരിധി. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.