
newsdesk
മാവൂർ: പ്രദേശത്ത് ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധം ശക്തമാക്കുന്നതിനായി മാവൂർ ഗ്രാമപഞ്ചായത്തിൽ വിപുലമായ അടിയന്തര അവലോകന യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് മുനീറത്ത് ടീച്ചറുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
മഴക്കാലത്ത് പടരാൻ സാധ്യതയുള്ള രോഗങ്ങൾക്കെതിരെയും ഷിഗെല്ല പോലുള്ള പകർച്ചവ്യാധികൾക്കെതിരെയും നാടുണർന്ന് പ്രവർത്തിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തെക്കുറിച്ച് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ബിന്ദു, ഡോ. ഫാത്തിമ, ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്ത് എന്നിവർ വിശദീകരിച്ചു. ശുദ്ധമായ കുടിവെള്ളത്തിന്റെ ഉപയോഗം, വ്യക്തിശുചിത്വം, ഹോട്ടലുകളിലും തട്ടുകടകളിലും പാലിക്കേണ്ട മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചും രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വീകരിക്കേണ്ട ചികിത്സകളെക്കുറിച്ചും ഇവർ യോഗത്തിൽ സംസാരിക്കുകയുണ്ടായി.
ഷിഗെല്ല ജാഗ്രതയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാവൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ ഹോട്ടലുകളിലും ചായക്കടകളിലും പ്രത്യേക പരിശോധന നടത്തുകയും കൃത്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
പഞ്ചായത്തിലെ വിവിധ സ്കൂൾ അധ്യാപകർ, ആശാവർക്കർമാർ, ആരോഗ്യപ്രവർത്തകർ, വ്യാപാരികൾ, മറ്റ് ജനപ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് തങ്ങളുടെ നിർദ്ദേശങ്ങൾ പങ്കുവെച്ചു. ഷിഗെല്ലയുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ വാർഡുകൾ കേന്ദ്രീകരിച്ച് കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും, കൃത്യമായ ശുചീകരണ പ്രവർത്തനങ്ങളും ക്യാമ്പയിനുകളും ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും യോഗത്തിൽ തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് സി.പി. കൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഉമാദേവി, ഗീതാമണി, എൻ.പി. അഹമ്മദ്, വിവിധ വാര്‍മെമ്പര്‍മാര്‍ എന്നിവർ യോഗത്തിൽ സംസാരിച്ചു.