
newsdesk
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ സിപിഐ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് മാറി നിന്നാൽ ബിജെപി ഭാഗത്തേക്ക് വോട്ടുകളുടെ കൂട്ട ഒഴുക്ക് ഉണ്ടാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിന് ഒന്നാം ശത്രു ബിജെപിയാണ്. ആ ഒന്നാം ശത്രുവിന് ഗുണപരമായതൊന്നും എൽഡിഎഫ് ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരാകണമെന്നതിൽ പരിപൂർണ അവകാശവും അധികാരവും കോൺഗ്രസിന്റേതാണെന്നും ആർക്കും അതിൽ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഫലപ്രഖ്യാപനത്തിന് രണ്ടാമത്തെ ആഴ്ച രാഹുൽ ഗാന്ധി രാജിവെച്ചു. ഇതായിരുന്നു കോൺഗ്രസിന്റെ പദ്ധതിയെങ്കിൽ ഇതു പോലൊരു നാടകത്തിൽ വേഷം കെട്ടിക്കാൻ രാഹുൽ ഗാന്ധിയെ ഇവിടെ കൊണ്ടുവരാൻ പാടില്ലായിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.