പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് ഇന്ത്യ’; ആദിത്യ എൽ 1 ലക്ഷ്യസ്ഥാനത്തെത്തി, വിജയവാർത്ത അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിജയ വാർത്ത ലോകത്തെ അറിയിച്ചത്. ആദിത്യ എൽ വൺ നിശ്ചിത ഭ്രമണപഥത്തിലെത്തി. ഇന്ത്യ മറ്റൊരു നാഴികകല്ല് സൃഷ്ടിച്ചെന്ന് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു. ശാസ്ത്രജ്ഞരുടെ അർപ്പണ ബോധത്തിന്റെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് വൈകീട്ട് നാലോടെയാണ് നിർണായക ഭ്രമണപഥ മാറ്റം നിർവ്വഹിച്ചത്. ലോകത്തിന്റെ മുഴുവൻ സഹകരണത്തോടെയാണ് ഐഎസ്ആർഒ ബംഗളൂരിലെ ടെലിമെട്രി കേന്ദ്രത്തിൽ നിന്ന് ഇത് നിർവ്വഹിച്ചത്. ചന്ദ്രയാൻ 3 വിജയകരമാക്കിയതിന് പിന്നാലെയാണ് ഐഎസ്ആർഒ ഇന്ത്യയുടെ ആദ്യസോളാർ സ്‌പേസ് ഒബ്സർവേറ്ററി ദൗത്യമായ ആദിത്യ എൽ 1 സെപ്തംബർ രണ്ടിന് വിജയകരമായി വിക്ഷേപിച്ചത്. ലഗ്രാഞ്ച് പോയിന്റ് ലക്ഷ്യമാക്കി വിക്ഷേപിച്ച പേടകം 125ദിവസം നീണ്ടയാത്രയ്‌ക്കൊടുവിൽ ജനുവരി ആറിന് ലഗ്രാഞ്ച് പോയിന്റിലെത്തി.സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം,ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യങ്ങളെങ്കിലും സൂര്യന്റെ സങ്കീർണമായ പ്രവർത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തേക്കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭ്യമാക്കാനും ദൗത്യത്തിന് സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ

error: Content is protected !!