കലുങ്ക് നിർമാണ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നു; ദുരിതത്തിലായി നാട്ടുകാരും യാത്രക്കാരും

Local News

റോഡ് നവീകരണത്തിൻ്റെ ഭാഗമായി നിർമിക്കുന്ന കലുങ്കുകളുടെ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നത് മൂലം ദുരിതത്തിലായി നാട്ടുകാരും യാത്രക്കാരും. താഴെ തിരുവമ്പാടി- മണ്ടാംകടവ് റോഡിലെ മണ്ടാംകടവിനും കൂടങ്ങരമുക്കിനുമിടയിലാണ് മാസങ്ങളായിട്ടും പണിതീരാതെ കലുങ്ക് നിർമാണം നീണ്ടു പോകുന്നത്. ഇവിടെ നാല് കലുങ്കുകളാണ് പണിയുന്നത്. ഇതിൽ എല്ലാത്തിൻ്റെയും പകുതി വീതം സ്ലാബിട്ടു. പകുതി പണി ബാക്കിയാണ്. പ്രവൃത്തി തുടങ്ങിയിട്ട് രണ്ട് മാസത്തിലേറെയായി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രണ്ടാഴ്ചയായി നിർത്തിവച്ച പ്രവൃത്തി ഇനിയും പുനരാരംഭിച്ചിട്ടില്ല. ഇതുമൂലം യാത്രക്കാരും റോഡുവക്കിലെ വീട്ടുകാരും ദുരിതം പേറുകയാണ്. പൊടിശല്യവും നാട്ടുകാരെ വലയ്ക്കുന്നുണ്ട്. ക്ഷേത്ര ജങ്ഷനിലേയും മണ്ടാംകടവിലേയും കലുങ്കിൻ്റെ പ്രവൃത്തി പകുതി തീർത്ത ശേഷം ബാക്കി പകുതി കിടങ്ങുകൾ ബാക്കിയാക്കിയ നിലയിലാണ്. ജങ്ഷനിലായതിനാൽ വാഹനങ്ങൾ കടന്നു പോകാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. തൊട്ടടുത്ത വീടിൻ്റെ വാതിലിലാണ് ഇവിടെ കിടങ്ങുകൾ ഉള്ളത്. വീടിൻ്റെ മുന്നിൽ തന്നെ മണ്ണും കല്ലും കൂട്ടിയിട്ടിരിക്കുകയുമാണ്. വാഹനം വീട്ടിലേക്കും പുറത്തേക്കും കൊണ്ടുപോകാൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും സൂക്ഷിച്ചിറങ്ങുകയും കയറുകയും ചെയ്തില്ലെങ്കിൽ കുഴിയിൽ വീഴുന്ന സാഹചര്യമാണ് ഉള്ളതെന്നും വീട്ടുകാരൻ പറഞ്ഞു.

കലുങ്കിൻ്റെ പകുതി ഭാഗത്ത് സ്ലാബ് വാർത്തതിന് ശേഷം മുകളിൽ ക്വാറി മാലിന്യം ഇട്ടിരിക്കുകയാണ്. നിറയെ കല്ലുകളായതിനാൽ വാഹനങ്ങൾ ഇതിന് മുകളിലൂടെ കടന്നു പോകാൻ പ്രയാസം നേരിടുന്നുണ്ട്. കുമാരനെല്ലൂർ ജങ്ഷന് അടുത്തുള്ള കലുങ്ക് പകുതി സ്ലാബിട്ട് വശങ്ങൾ മൂടാതെ കിടക്കുകയാണ്. മണ്ടാംകടവിനടുത്ത രണ്ട് കലുങ്കുകളിലൊന്നിൻ്റേയും പകുതി കുഴിയെടുത്ത നിലയിലാണ്. മറ്റൊന്ന് പകുതി സ്ലാബ് വാർത്തു ബാക്കി വാർക്കാൻ കമ്പി കെട്ടിയ നിലയിലുമാണ്. ഇഴഞ്ഞു നീങ്ങിയ പ്രവൃത്തി തെരഞ്ഞെടുപ്പ് ആയതോടെ പൂർണമായും നിലച്ചു. പിന്നീട് ഇതുവരെ പ്രവൃത്തി തുടങ്ങിയിട്ടില്ല.

താഴെ തിരുവമ്പാടി- കുമാരനെല്ലൂർ- മണ്ടാംകടവ് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 17ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ് നിർവഹിച്ചത്. ഇപ്പോൾ നടക്കുന്ന കലുങ്ക്‌, കാന എന്നിവയുടെ നിർമാണത്തിന് ശേഷമാണ് നവീകരണ പ്രവൃത്തി ആരംഭിക്കുക. എന്നാൽ കലുങ്ക് നിർമാണം നീണ്ടു പോയാൽ റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിന് മുൻപേ മഴക്കാലം എത്തിയേക്കാം. ഇതോടെ പ്രവൃത്തി പിന്നെയും വൈകാൻ ഇടയാക്കും. രണ്ട് റീച്ചുകളിലായി 5.5 കോടി രൂപ വകയിരുത്തി നാല് കിലോമീറ്റർ ദൂരമുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ആധുനിക രീതിയിൽ ബി.എം ആൻ്റ് ബി.സി നിലവാരത്തിൽ ടാർ ചെയ്ത് പരിഷ്‌കരിക്കുന്നതാണ് പദ്ധതി. ഒരുപാട് കാലമായി അവഗണിക്കപ്പെട്ടു കിടന്ന റോഡാണ് ജോർജ് എം. തോമസ് എം.എൽ.എ മുൻകൈ എടുത്ത് നവീകരിക്കാൻ നടപടിയൊരുക്കിയത്. അടിയന്തരമായി കലുങ്കു പണി തീർത്ത് മഴക്ക് മുൻപ് റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

error: Content is protected !!