
newsdesk
കോടഞ്ചേരി : മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി, ടൂറിസം ഡിപ്പാർട്ട്മെന്റിന്റെയും നേപ്പാളിൽ നിന്നുള്ള ഡബ്ല്യു.ഡബ്ല്യു.എഫ് (WWF) ട്രെയിനറുടെയും നേതൃത്വത്തിൽ കേരളത്തിലെ ഫയർ & സേഫ്റ്റി, റെസിക്യൂ ടീമുകൾക്കായി മൂന്ന് ദിവസത്തെ വൈറ്റ് വാട്ടർ ലൈഫ് സേവിങ് പരിശീലനം സംഘടിപ്പിച്ചു.
പ്രകൃതി ദുരന്തങ്ങളും അപ്രതീക്ഷിത വെള്ളപ്പൊക്കങ്ങളും ഉരുൾപൊട്ടലുകളും അടിക്കടി ഭീഷണിയാകുന്ന കാലത്ത്, കുത്തൊഴുക്കുള്ള വെള്ളത്തിലും ജീവൻ രക്ഷിക്കാൻ നമ്മുടെ ഫയർ ഫോഴ്സ് സേന സജ്ജമാകുന്നു. മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് ടൂറിസം ഡിപ്പാർട്ട്മെന്റും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് പരിശീലനം സംഘടിപ്പിച്ചത്.
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത 20 അംഗ ഫയർ ആൻഡ് സേഫ്റ്റി റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്കാണ് 3 ദിവസത്തെ വിപുലമായ വൈറ്റ് വാട്ടർ പരിശീലനം നൽകിയത്. നേപ്പാളിൽ നിന്നുള്ള പ്രമുഖ WWF ട്രെയിനറായ വിഷ്ണു ഗുരുവിന്റെ നേതൃത്വത്തിലായിരുന്നു ഈ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം.
കയാക്കിങ് മത്സരത്തിന്റെ സുരക്ഷയ്ക്ക് മാത്രമായിട്ടല്ല ഈ പരിശീലനം. ഏതു തരത്തിലുള്ള അടിയന്തിര സാഹചര്യത്തിലും — ഉരുൾപൊട്ടലോ പ്രളയമോ ഉണ്ടായാൽ കുത്തൊഴുക്കുള്ള വെള്ളത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആളുകളെ രക്ഷിക്കാൻ നമ്മുടെ ഫയർഫോഴ്സിനെ സജ്ജമാക്കുക എന്ന വലിയൊരു ലക്ഷ്യം കൂടി ഇതിനുണ്ട് എന്നു കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ കൗൺസിൽ സിഇഒ ബിനു കുരിയാക്കോസ് പറഞ്ഞു
റിവർ ഫെസ്റ്റിവലിലെ കയാക്കർമാർക്ക് സുരക്ഷയൊരുക്കുന്നതിനൊപ്പം, പരിശീലനം ലഭിച്ച ഈ 20 അംഗങ്ങൾ വഴി കേരളത്തിലെ മറ്റ് ഫയർഫോഴ്സ് ട്രെയിനർമാർക്കും സിവിൽ ഡിഫൻസ് അംഗങ്ങൾക്കും ഈ അത്യാധുനിക സാങ്കേതികവിദ്യകൾ കൈമാറാൻ സാധിക്കും. സ്വയം സുരക്ഷിതരായിരുന്നുകൊണ്ട് മറ്റുള്ളവരുടെ ജീവൻ എങ്ങനെ രക്ഷിക്കാം എന്നതിലാണ് ട്രെയിനിങ്ങിൽ പ്രധാനമായും ഊന്നൽ നൽകിയത്.
രക്ഷാപ്രവർത്തനം നടത്തുക എന്നത് ഏറെ അപകടം നിറഞ്ഞതാണ്. സ്വന്തം ജീവൻ അപകടത്തിലാക്കാതെ, സ്വയം രക്ഷ ഉറപ്പാക്കിക്കൊണ്ട് തന്നെ മറ്റുള്ളവരെ എങ്ങനെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കാം എന്ന അത്യാധുനിക രീതികളാണ് ഞങ്ങൾ ഈ പരിശീലനത്തിൽ നൽകിയിട്ടുള്ളത് എന്ന് നേപ്പാളിൽ നിന്നും എത്തിയ WWF ട്രെയിനർ വിഷ്ണു ഗുരു പറഞ്ഞു.
ദുരന്തമുഖങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചമായി മാറുന്ന നമ്മുടെ ഫയർഫോഴ്സ് ടീമിന്, ഈ പുതിയ പരിശീലനം വരുംദിവസങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയൊരു കരുത്തായി മാറും.