
newsdesk
മുക്കം : കാരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണ മ്യൂസിയം കെട്ടിടം വിൽക്കാനുള്ള തീരുമാനം ബാങ്ക് ഉപേക്ഷിച്ചു. കെട്ടിടം ബാങ്കിന്റെ കൈവശം തന്നെ നിലനിർത്തും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമാണം പൂർത്തിയാക്കി ഉടൻ കെട്ടിടം ബാങ്കിന് കൈമാറും. കെട്ടിട നിർമാണത്തിനായി ഇതുവരെ ഏകദേശം 100 കോടിയോളം രൂപയാണ് ബാങ്ക് ചെലവാക്കിയത്. മാവൂർ റോഡിൽ അരയിടത്തുപാലത്ത് സ്വാതി മാളിന് സമീപം 1.10 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
സഹകരണ മ്യൂസിയം ആരംഭിക്കുകയെന്ന പേരിലാണ് 2016ൽ ഇവിടെ കെട്ടിടം നിർമിക്കാൻ തുടങ്ങിയത്. ലോകത്തിലെ തന്നെ രണ്ടാമത്തെ ‘സഹകരണ മ്യൂസിയം’ എന്നതായിരുന്നു പദ്ധതി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള ആധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തി സഹകരണ മേഖലയുടെ സമഗ്ര ചിത്രം വ്യക്തമാക്കുന്നതായിരുന്നു പദ്ധതി.
നാണയത്തുട്ടുകളിൽ നിന്ന് സഹസ്രകോടിയിലേക്ക് വളർന്ന സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രവും വർത്തമാനവുമാണ് മ്യൂസിയത്തിൽ ലക്ഷ്യം വച്ചിരുന്നത്.14നിലക്കെട്ടിടത്തിന്റെ 6 നിലയും മ്യൂസിയമായാണ് വിഭാവനം ചെയ്തത്. 14 നിലയുള്ള കെട്ടിടത്തിന്റെ അവസാന ഫർണിഷിങ് വരെ പൂർത്തിയായ ഘട്ടത്തിലാണ് കഴിഞ്ഞ വർഷം കെട്ടിടം വിൽക്കാൻ തീരുമാനമുണ്ടായത്.
ചതുരശ്ര അടിക്ക് 1500 രൂപയോളം വാടക ലഭിക്കുന്ന പ്രദേശത്ത് വെറും 13 രൂപ നിരക്കിൽ കെട്ടിടം കാസർകോട് സ്വദേശികൾക്ക് കൈമാറാനും നീക്കമുണ്ടായി. ബാങ്കിലെ ചിലരുടെ ബെനാമിയാണ് ഇയാളെന്നും സൂചനയുണ്ടായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബാങ്ക് ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ചേർന്ന യോഗത്തിൽ കെട്ടിടം വിൽക്കാനുള്ള തീരുമാനം പിൻവലിക്കുകയായിരുന്നു.അതേസമയം മുമ്പ് പ്രഖ്യാപിച്ചിരുന്നത് പോലെ 6 നിലകളിൽ സഹകരണ മ്യൂസിയം ഉണ്ടാകില്ല. മ്യൂസിയം ഒരു നിലയിൽ ചുരുക്കും. ഒരു നിലയിൽ കാരശ്ശേരി ബാങ്കിന്റെ ശാഖയും മറ്റു ചില നിലകൾ വാടകയ്ക്ക് നൽകാനുമാണ് ആലോചിക്കുന്നത്. ഇതിലൂടെ ബാങ്കിന് സ്ഥിരമായ വരുമാനം കണ്ടെത്താനും കെട്ടിടത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.