സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി രമേശ് ചെന്നിത്തല

Web Desk

തിരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം അവേശേഷിക്കേ സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി ബോര്‍ഡും അദാനി ഗ്രൂപ്പും തമ്മില്‍ വഴിവിട്ട കരാറെന്ന് രമേശ് ചെന്നിത്തല ഹരിപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 25 വര്‍ഷത്തേക്ക് കൂടിയ തുക വൈദ്യുതി വാങ്ങാനാണ് നീക്കം. സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SECI) എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. 300 മെഗാവാട്ട് വൈദ്യുതി അദാനി ഗ്രൂപ്പില്‍നിന്ന് വാങ്ങാനാണ് കരാര്‍ വച്ചിരിക്കുന്നത്. നിലവില്‍ യൂണിറ്റിന് 2 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി ലഭ്യമാണ് എന്നിരിക്കെ യൂണിറ്റിന് 2.82 രൂപ നിരക്കിലാണ് അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരിക്കുന്നതെന്ന് ചെന്നിത്തല.

Renewal purchase obligation മറവിലാണ് ഈ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനാണിത്. ഇതനുസരിച്ച് 5% വൈദ്യുതി എങ്കിലും ഈ ഇനത്തില്‍ നാം വാങ്ങേണ്ടിവരും. കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനാണ് കരാർ. 25 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വൈദ്യുതി കരാര്‍ ലോകത്ത് ഒരിടത്തുമില്ല. 8850 കോടിയുടെ കരാറില്‍ അദാനിക്ക് 1000 കോടിയിലേറെ രൂപയാണ് ലാഭം. കാറ്റില്‍നിന്നുള്ള വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് രണ്ടു രൂപ 82 പൈസ നിരക്കിലാണ്. മറ്റ് സ്രോതസുകളില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് ഒരു രൂപയാണ് നിരക്ക്. കരാര്‍ അടിയന്തരമായി റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

error: Content is protected !!